തിരുവനന്തപുരം :തിരുവനന്തപുരം കോർപ്പറേഷൻ വിഴിഞ്ഞം വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. സ്വതന്ത്ര സ്ഥാനാർഥി വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്.
കോർപ്പറേഷനിലെ 66-ാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച വിഴിഞ്ഞം കോട്ടപ്പുറം അഞ്ചു നിവാസിൽ ജസ്റ്റിൻ ഫ്രാൻസിസ് ആണ് മരിച്ചത്.
വാർഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെ വിഴിഞ്ഞം വാർഡിലെ 10 ബൂത്തുകളും പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി.
വോട്ടെടുപ്പിനായി ഇന്നലെ തന്നെ ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകളിലേക്ക് എത്തിയിരുന്നെങ്കിലും സ്ഥാനാർഥി മരിച്ചെന്ന വാർത്ത വന്നതോടെ തെരഞ്ഞെടുപ്പ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് ഉദ്യോഗസ്ഥർ പോളിങ് ബൂത്തുകൾ പൂട്ടി മടങ്ങിയത്.
വാഹനാപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്ററിൽ ചികിത്സയിലായിരുന്ന ജസ്റ്റിൻ ഫ്രാൻസിസ് തിങ്കളാഴ്ച വൈകിട്ട് 6:50 ഓടെയാണ് മരണപ്പെട്ടത്.
ഇതോടെ വാർഡിലെ തെരഞ്ഞെടുപ്പ് കേരള മുനിസിപ്പൽ ആക്ട് 124 വകുപ്പ് പ്രകാരം മാറ്റിവെച്ചതായി വരണാധികാരിയായ സബ്കളക്ടർ ഒവി ആൽഫ്രഡ് അറിയിക്കുകയായിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
തിരുവനന്തപുരം കോർപ്പറേഷനിലെ 66ാം വാർഡാണ് വിഴിഞ്ഞം. 10 ബൂത്തുകളാണ് ഈ വാർഡിലുള്ളത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഉച്ചയോടെ തന്നെ ബൂത്തുകളിലെത്തി ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്നു. സ്ഥാനാർഥി മരിച്ചതിന് പിന്നാലെ രാത്രി എട്ടോടെയായിരുന്നു സബ്കളക്ടറുടെ അറിയിപ്പ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്.
ജസ്റ്റിൻ ഫ്രാൻസിസ് ഉൾപ്പെടെ വിഴിഞ്ഞത് ജനവിധി തേടുന്നത് സ്വതന്ത്ര സ്ഥാനാർഥികളടക്കം 10 പേരായിരുന്നു. സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ജസ്റ്റിൻ ഫ്രാൻസിസിൻ്റെ അകാല നിര്യാണം വലിയ ദുഖമുണ്ടാക്കിയെന്ന് വിഴിഞ്ഞം വാർഡിൽ ഇടതുപക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ നൗഷാദ് പറഞ്ഞു.






