പാലക്കാട്: തിരുമിറ്റക്കോട് കാർ തടഞ്ഞുനിർത്തി തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയ കേസിൽ ഒരാൾ പിടിയിൽ. പനമണ്ണ സ്വദേശി അഭിജിത്ത് ആണ് പൊലീസിന്റെ പിടിയിലായത്. സംഭവത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേരെ ഒളിവിൽ പോകാൻ സഹായിച്ചത് അഭിജിത്തെന്ന് ചാലിശ്ശേരി പൊലീസ് പറഞ്ഞു. ക്വട്ടേഷൻ സംഘമാണ് മർദിച്ചതെന്നാണ് മുഹമ്മദലി നൽകിയ വിവരം. 70 കോടി ആവശ്യപ്പെട്ടായിരുന്നു മർദനം. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു മുഹമ്മദാലി.
പട്ടാമ്പി മുതൽ ഇദ്ദേഹത്തെ അക്രമി സംഘം പിന്തുടരുന്നുണ്ടായിരുന്നു. തിരുമിറ്റക്കോട് കോഴിക്കാട്ടരി പാലത്തിന് സമീപമാണ് അക്രമി സംഘം സഞ്ചരിച്ച വാഹനം കുറുകെ നിർത്തി, മുഹമ്മദലിയെ തട്ടിക്കൊണ്ടുപോകുന്നത്. തോക്കുചൂണ്ടിയാണ് അക്രമി സംഘം മുഹമ്മദാലിയെ കാറിലേക്ക് കയറ്റുന്നത്. മലപ്പുറം ജില്ലയുടെ ഭാഗത്തേക്കാണ് ആദ്യം പോയത്. പിന്നീട് തിരികെ വന്ന്, മറ്റൊരു വാഹനത്തിലേക്ക് മുഹമ്മലിയെ മാറ്റുന്നു. ഇതിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. കാറിൽ വെച്ച് ക്രൂരമായി മുഹമ്മദാലിയെ മർദിച്ചു. തുടർന്നാണ് കോതകുറിശ്ശിയിലെ ആളൊഴിഞ്ഞ വീട്ടിലേക്ക് കൊണ്ടുവരുന്നത്. അവിടെവെച്ചും മർദിക്കുകയും ചുണ്ടിൽ കത്തികൊണ്ട് വരയുകയും ചെയ്തു.






