കേരളത്തിൽ വളരെ കാലമായി കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരുന്ന കേസായിരുന്നു നടിയെ അക്രമിച്ച കേസ്. കേരളക്കര ഏറെ നാളായി കാത്തിരുന്ന കേസിന്റെ വിധി വന്ന ദിവസമായിരുന്നു ഇന്നലെ. അതെ, ഡിസംബർ 8 തിങ്കൾ നടൻ ദിലീപിനെ സംബന്ധിച്ച് ഏറെ നിർണ്ണായകമായ ദിവസം.
ആരോ നൽകിയ ക്വട്ടേഷൻപ്രകാരം നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയെന്ന കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽനിന്നുണ്ടായ വിധി പൊതുസമൂഹത്തിൽ പക്ഷംതിരിഞ്ഞുള്ള വലിയ ചർച്ചയ്ക്കാണ് വീണ്ടും വഴിതിരിച്ച് വിട്ടിരിക്കുന്നത്.
കേസിൽ ഒന്നുമുതൽ ആറുവരെയുളള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തുകയും നടൻ ദിലീപ് അടക്കമുള്ള നാലു പ്രതികളെ വിട്ടയയ്ക്കുകയും ചെയ്തു. നടിയെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് നടൻ ദിലീപാണെന്ന വാർത്തകളായിരുന്ന 2017 മുതൽ പ്രചരിച്ചുകൊണ്ടിരുന്നത്. എന്നാൽ കോടതി വിധി വന്നതോടെ നിലവിൽ കേസിൽ നിന്നും ദിലീപ് പൂർണ്ണമായും മുക്തനായിരിക്കുകയാണ്.
വിധിയിലൂടെ അതിജീവിതയ്ക്കു പൂർണനീതി ലഭിച്ചില്ലെന്നാണ് പൊതുവയുളള അഭിപ്രായം. മലയാള സിനിമാ വ്യവസായത്തെത്തന്നെ മാറ്റിമറിച്ചതാണ് 2017 ഫെബ്രുവരി 17നു നടിയെ പീഡിപ്പിച്ച ക്രൂരസംഭവം. കൊടിയ പീഡനത്തിനിരയായിട്ടും തോറ്റുകൊടുക്കില്ലെന്ന വാശിയോടെ, നീതി തേടിയിറങ്ങിയ അതിജീവിതയുടെ പോരാട്ടം സമാനതകളില്ലാത്തതാണ്. സങ്കീർണമായ പല പ്രതിസന്ധികളും മുന്നിലെത്തിയിട്ടും അവർ അവയെയെല്ലാം മറികടന്നു. ആക്രമിക്കപ്പെടുമ്പോഴും അപമാനിക്കപ്പെടുമ്പോഴും പ്രതികരിക്കാനാവാതെ, നിസ്സഹായതയോടെ അതിന്റെ നോവും വേവും അനുഭവിക്കുന്ന എത്രയോ സ്ത്രീകൾ നമ്മുടെ സമൂഹത്തിലുണ്ട്. അവർക്കൊക്കെയുമുള്ള സന്ദേശമാണ് ഈ കേസിലൂടെ അതിജീവിത മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെയാണ് അവർ പോരാട്ടവീര്യത്തിന്റെ പ്രതീകമായിമാറുന്നതും.
എന്നാൽ ഒരു പക്ഷം ജനത ഇപ്പോഴും ദിലീപിന്റെ കൂടെയാണ്. ദിലീപ് കുറ്റക്കാരനാണോ എന്ന ചോദ്യം ഇപ്പോഴും സമൂഹത്തിന്റെ പല കോണിൽ നിന്നും ഉയർന്നു കേൾക്കുന്നുണ്ട്. സംഭവത്തിന് മുൻപും ശേഷവും ദിലീപിനെ ചേർത്ത് പിടിച്ച പലരും ദിലീപിനെ തള്ളി പറഞ്ഞെങ്കിലും, ചേർത്ത് നിർത്തുന്ന പലരും ദിലീപിനൊപ്പം തന്നെ ഉറച്ച മനസ്സോടെ നിൽക്കുന്നുമുണ്ട്. സർക്കാരും മാധ്യമങ്ങളും എല്ലാം ദിലീപ് കുറ്റക്കാരനാണെന്ന് വാദിച്ചുകൊണ്ട് കേസിനെതിരെ അപ്പീലിന് പോകുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.
വിധി അറിയാൻ കോടതിയിലേക്ക് തെല്ല് ഭയത്തോടെ കയറിപ്പോയ ദിലീപ് വിധി വന്നതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് പ്രതികരിച്ചത് മുൻഭാര്യ മഞ്ജു വാര്യർക്കെതിരെയാണ്. ആ പ്രതികരണം ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. നമുക്കറിയാം ഇത്രയും വർഷം പിന്നിട്ടിട്ടും ദിലീപ് ഇതുവരെയും മഞ്ജു വാര്യർക്കെതിരെ ഒരു വാക്ക് പോലും പറഞ്ഞിട്ടോ പ്രതികരിച്ചിട്ടോ ഇല്ലായിരുന്നു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അതിജീവിതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ ഒത്തുചേർന്ന സിനിമ കൂട്ടായ്മയിൽ തന്റെ മുൻ ഭാര്യ മഞ്ജു ഈ കേസിൽ ക്രിമിനൽ ഗൂഢാലോചന ഉണ്ട്, ആ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്ന് പറഞ്ഞിടത്ത് നിന്നാണ് തനിക്കെതിരെയുള്ള ഗൂഢാലോചന ആരംഭിച്ചത് എന്നാണ് ദിലീപ് പറഞ്ഞത്.
എന്തുകൊണ്ടാണ് ?ദിലീപ് ഇപ്പോൾ മഞ്ജുവിനെതിരെ തിരിഞ്ഞത്? തനിക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാൻ ദിലീപ് ഇനി കളത്തിൽ ഇറങ്ങുമോ? ദിലീപന്റെ പക്കം കൃത്യമായ തെളിവുകൾ ഉണ്ടോ? എന്നിങ്ങനെ പല ചോദ്യങ്ങളാണ് കേരളം ഒന്നടങ്കം ചോദിക്കുന്നത്.
സിനിമയെന്ന തൊഴിൽമേഖല ലൈംഗിക അതിക്രമങ്ങൾക്കോ വിവേചനങ്ങൾക്കോ ഇടമില്ലാത്തവിധം, എല്ലാവർക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്നതാവണമെന്നാണു നാം ആഗ്രഹിക്കുന്നതെങ്കിലും അതല്ല യാഥാർഥ്യമെന്നു വ്യക്തമാക്കുന്നതായാണ് ജസ്റ്റിസ് കെ.ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട്.
നമ്മുടെ സിനിമയിൽ പ്രവർത്തിക്കുന്ന വനിതകളുടെ സ്വാഭിമാനത്തെ മാത്രമല്ല, സാംസ്‌കാരിക കേരളത്തിന്റെ മൂല്യ ബോധത്തെത്തന്നെ ചോദ്യം ചെയ്യുന്ന കാര്യങ്ങൾ ഈ മേഖലയിൽ നടക്കുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിച്ചത്. നടി ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് സിനിമാ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതരല്ലെന്ന പൊതുബോധം സമൂഹത്തിൽ സൃഷ്ടിക്കപ്പെട്ടതായി സമിതി വിലയിരുത്തി.
രാജ്യാന്തരതലത്തിൽവരെ നേട്ടത്തിന്റെ മായാമുദ്രകൾ പതിച്ച മലയാള സിനിമയിലാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്നുകൂടി നാം ഓർമിക്കണം.ദിലീപിനെ കുറ്റ വിമുക്തനാക്കിയ വിധി വന്നപ്പോളും ഉയരുന്ന ചോദ്യങ്ങൾ ഇവയാണ്.
കേടതി കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളെ അതിനു പ്രേരിപ്പിച്ച കാരണങ്ങളെന്താണ്? അതിന്റെ പിന്നിൽ, ആരോപിക്കപ്പെട്ടതുപോലെ ചില അദൃശ്യശക്തികൾ ഉണ്ടോ? എങ്കിൽ, അവരെ തുറന്നുകാട്ടേണ്ടതല്ലേ? എന്നിങ്ങനെ പൊതുസമൂഹത്തിന്റെ ചോദ്യം ബാക്കി നിൽക്കുകയാണ്.
കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെ തന്നെ പൊതുബോധത്തിൽ ഒട്ടോറെ മാറ്റങ്ങൾക്കു തുടക്കമിട്ട ഒന്നാണ് പീഡിപ്പിക്കപ്പെട്ട സ്ത്രീയെ ഇരയിൽനിന്ന് അതിജീവിതയാക്കി ഉയർത്തിയ നടി ആക്രമ കേസ്. അന്നോളം ആരും തൊടാൻ ധൈര്യപ്പെടാതിരുന്ന മലയാള സിനിമയിലെ പുരുഷാധിപത്യത്തെ പൗരസമൂഹം ചൊദ്യം ചെയ്യാൻ തുടങ്ങിയത് ഈ സംഭവത്തിനു ശേഷമായിരുന്നു.
എന്തയാലും ഈ കേസ് ഇവിടെകൊണ്ടൊന്നും തീരില്ല എന്നത് ഇന്നലെ ദിലീപിന്റെ പ്രതികരണത്തിലും സർക്കാർ എടുത്ത നിലാപാടുകളിലും വ്യക്തമാണ്. ഇനി ദിലീപ് മഞ്ജുവിനെതിരെ കളത്തിലിറങ്ങുമോ എന്നത് കാത്തിരിന്നു കാണാം.







