കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പിനായുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ (EVM) വിതരണം ഇന്ന് രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. വിതരണത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.
ത്രിതല പഞ്ചായത്തുകളിലേക്കുള്ള പോളിങ് ബൂത്തുകളിൽ മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റും അടങ്ങുന്ന സെറ്റാണ് വിതരണം ചെയ്യുക. അതോടൊപ്പം ആവശ്യമായ പോളിങ് സാമഗ്രികളും നൽകും. നഗരസഭകളിലേക്കും കോർപ്പറേഷനിലേക്കുമുള്ള വിതരണത്തിൽ ഒരു ബാലറ്റ് യൂണിറ്റും ഒരു കൺട്രോൾ യൂണിറ്റും പോളിങ് സാമഗ്രികളുമാണ് ഉൾപ്പെടുന്നത്.
കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, 12 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് നഗരസഭകൾ, 70 ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിലേക്കുള്ള പോളിങ് സാമഗ്രികളുടെ വിതരണം 20 കേന്ദ്രങ്ങളിൽ നിന്നാണ് നടക്കുക. വിതരണ കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് സുഗമമാക്കുന്നതിനായി വോട്ടിങ് യന്ത്രങ്ങൾ അതീവ ശ്രദ്ധയോടെ അതത് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നത്.






