തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ മുൻകൂർ ജാമ്യം. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും രാവിലെ 10നും 11നും ഇടക്ക് അന്വേഷണ ഉദ്യോഗസ്ഥക്ക് മുന്നിൽ എത്തി ഒപ്പിടണം. രാഹുലിനെ അറസ്റ്റ് ചെയ്താൽ ജാമ്യത്തിൽ വിടണം എന്നിങ്ങനെയാണ് ഉപാധികള്‍.
മൂന്നു ദിവസത്തെ വിശദമായ വാദം കേട്ട ശേഷമാണ് കോടതിയുടെ തീരുമാനം വരുന്നത്. അതേസമയം, കേസിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ കൂടുതൽ വകുപ്പുകളും പോലീസ് ചേർത്തിട്ടുണ്ട്. പിന്തുടർന്ന് ശല്യപ്പെടുത്തൽ, തടഞ്ഞുവയ്ക്കൽ, അതിക്രമിച്ചു കയറൽ തുടങ്ങിയ വകുപ്പുകളാണ് പുതിയതായി ചുമത്തപ്പെട്ടത്.
23കാരി കെപിസിസി അധ്യക്ഷന് നൽകിയ പരാതിയിലാണ് കേസെടുത്തിരുന്നത്. കെപിസിസി അധ്യക്ഷൻ പരാതി പൊലീസിന് കൈമാറിയിരുന്നു. വിവാഹ അഭ്യർത്ഥന നടത്തി, കൂട്ടികൊണ്ടുപോയി ഔട്ട് ഹൗസിൽ വച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പരാതിക്കാരിയുടെ മൊഴിയും തെളിവുകളും പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. അടച്ചിട്ട മുറിയിലായിരുന്നു വാദം പൂർത്തിയായത്.






