തവനൂർ: തവനൂരിൽ തോൽവി സമ്മതിച്ച് കെ ടി ജലീൽ. വിഎസ് ജോയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് കെ ടി ജലീൽ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു. ജനവിധി അംഗീകരിക്കുന്നതായും ജലീൽ പോസ്റ്റിൽ കുറിച്ചു.
ജനവിധി അംഗീകരിക്കുന്നു. വി.എസ് ജോയിക്ക് അഭിനന്ദനങ്ങൾ. തവനൂർകാരോട് എന്നും സ്നേഹം മാത്രം. ഇടതുപക്ഷ ചേരിയിൽ ഉറച്ചു നിന്ന് കൂടുതൽ കരുത്തോടെ ജനങ്ങൾക്കൊപ്പമുണ്ടാകും’.
ജില്ലയിൽ എൽഡിഎഫിന് വേരോട്ടം ഉണ്ടായിരുന്ന മണ്ഡലം കൂടിയാണ് തവനൂർ. കഴിഞ്ഞ 15 വർഷമായി ജലീൽ തന്നെയാണ് ജയിച്ച് വന്നിരുന്നതും. ഇടതുപക്ഷത്തിന് ജലീൽ നൽകിയ ആത്മവിശ്വാസം വളരെ വലുതാണ്. 2011 മുതൽ ഇടത് കോട്ടയായി തന്നെ നിലനിർത്തുന്ന മണ്ഡലം കൂടിയാണ് തവനൂർ. ന്യൂനപക്ഷ വോട്ടുകൾ ഭൂരിപക്ഷമുള്ള മേഖലയിൽ വി.എസ് ജോയിയെ കളത്തിലിറക്കി കോൺഗ്രസ് നടത്തിയ പുതിയ പരീക്ഷണം വിജയിച്ചിരിക്കുകയാണ്.
മലപ്പുറം ജില്ലയിലെ ഡിസിസി പ്രസിഡന്‍റാണ് വി.എസ് ജോയ്. കൂടാതെ കെ.എസ്.യുവിലൂടെ രാഷ്ട്രീയ പ്രവർത്തകനായി തുടക്കമിട്ട യുവ രാഷ്ട്രീയ നേതാവ് കൂടിയാണ്. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ കനത്ത തിരിച്ചടിയായിരുന്നു ഇടതുപക്ഷത്തിന് ലഭിച്ചത്. മാത്രമല്ല കയ്യിലിരുന്ന മണ്ഡലത്തിലെ പഞ്ചായത്തുകളിലും നേരിട്ട തോൽവി കനത്ത സമ്മർദത്തിലാക്കിയിരുന്നു. ലീഗിൽ നിന്നും പടവെട്ടി പുറത്തുവന്ന കെ.ടി ജലീൽ പിന്നീട് സിപിഎമ്മിലേക്ക് ചേക്കേറുമ്പോഴും തവനൂരുകാർ ജലീലിനെ കൈവിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ വൻ കെ ടി ജലീലിന് തിരിച്ചടി നേരിടുകയാണ്.




