മനില: ക്വാഡ് ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി കരുത്തനായ വ്യക്തിയാണെന്നും ലോകമെമ്പാടും ബഹുമാനിക്കപ്പെടുന്ന മികച്ച നേതാവാണെന്നും ട്രംപ് വിശേഷിപ്പിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷാ സഹകരണവും ആഗോള പങ്കാളിത്തവും ചർച്ച ചെയ്യുന്നതിനായി ഫിലിപ്പീൻസിൽ സംഘടിപ്പിച്ച ക്വാഡ് ഉച്ചകോടിക്കിടെയായിരുന്നു ട്രംപിന്റെ പരാമർശം.
നയതന്ത്ര നിലപാടുകളിലും രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിലും മോദി പുലർത്തുന്ന ദൃഢനിശ്ചയത്തെ സൂചിപ്പിച്ചാണ് ‘ടഫ് മാൻ’ എന്ന് ട്രംപ് വിശേഷിപ്പിച്ചത്. നേരത്തെയും വിവിധ ആഗോള വേദികളിലും ഉഭയകക്ഷി ചർച്ചകളിലും മോദിയുമായുള്ള സൗഹൃദത്തെക്കുറിച്ചും അദ്ദേഹത്തിന്റെ നേതൃപാടവത്തെക്കുറിച്ചും ട്രംപ് പരസ്യമായി സംസാരിച്ചിട്ടുണ്ട്.
മേഖലയിലെ സുരക്ഷ, സാമ്പത്തിക സഹകരണം, സാങ്കേതികവിദ്യാ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളാണ് നാല് രാജ്യങ്ങളുടെയും നേതാക്കൾ പങ്കെടുത്ത യോഗത്തിൽ പ്രധാനമായും ചർച്ചയായത്. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയും സാമ്പത്തിക കൂട്ടായ്മയും ഉറപ്പാക്കുന്നതിൽ ഇന്ത്യ വഹിക്കുന്ന നിർണായക പങ്കിനെയും ട്രംപ് എടുത്തുപറഞ്ഞു.
ലോകത്തിലെ ഏറ്റവും വിജയകരമായ ചില പങ്കാളിത്തങ്ങളെ ഒരുമിപ്പിക്കുന്ന കൂട്ടായ്മയാണ് ക്വാഡ് എന്ന് ട്രംപ് വിശേഷിപ്പിച്ചു. ക്വാഡ് നേതാക്കളുമായും അംഗരാജ്യങ്ങളുമായും തനിക്ക് ദീർഘകാലമായി മികച്ച ബന്ധമാണുള്ളതെന്നും അവർ നല്ല സുഹൃത്തുക്കളാണെന്നും അദ്ദേഹം പറഞ്ഞു.
റെയർ എർത്ത് മൂലകങ്ങളുടെ ഉത്പാദനം വർധിപ്പിക്കുന്നതിനായി അമേരിക്കയും ഇന്ത്യയും ജപ്പാനും നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ട്രംപ് പരാമർശിച്ചു. പത്ത് മാസത്തിനുള്ളിൽ അമേരിക്കയ്ക്ക് ആവശ്യമായ റെയർ എർത്ത് മൂലകങ്ങൾ ലഭ്യമാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ അമേരിക്ക വലിയ തോതിൽ ഉത്പാദനം നടത്തുന്നുണ്ടെന്നും ഇന്ത്യയും ജപ്പാനും ഇതേ ദിശയിൽ പ്രവർത്തിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം, ക്വാഡ് ക്രിയാത്മകവും വിശ്വസ്തവുമായ പങ്കാളിത്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നാല് രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ അഞ്ച് തവണ കൂടിക്കാഴ്ച നടത്തിയത് കൂട്ടായ്മയുടെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുടെ തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2007ൽ നാല് രാജ്യങ്ങളിലെയും പ്രതിനിധികൾ ആദ്യമായി കൂടിക്കാഴ്ച നടത്തിയത് മനിലയിലായിരുന്നു. പത്ത് വർഷത്തിനുശേഷം 2017ൽ ചർച്ചകൾ പുനരാരംഭിച്ചതും ഇതേ നഗരത്തിലായിരുന്നു. വീണ്ടും ക്വാഡ് ഉച്ചകോടിക്ക് മനില വേദിയാകുന്നത് സുപ്രധാന നാഴികക്കല്ലാണെന്നും മോദി അഭിപ്രായപ്പെട്ടു.


