കൊച്ചി: ശബരിമലയെ തിരുപ്പതി മാതൃകയിൽ ആധുനിക സൗകര്യങ്ങളുള്ള മികച്ച തീർഥാടന കേന്ദ്രമാക്കി മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. തീർഥാടകർക്ക് യാതൊരുവിധ പ്രയാസങ്ങളും ഉണ്ടാകാത്ത രീതിയിൽ ശബരിമലയിലും യാത്രാമാർഗങ്ങളിലും ദീർഘകാല അടിസ്ഥാനത്തിലുള്ള വികസന പദ്ധതികൾ നടപ്പാക്കും. നിലവിലെ തീർഥാടന സീസൺ അവസാനിച്ച ഉടൻ യോഗം ചേർന്ന് പദ്ധതികളുടെ നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത തീർഥാടന സീസൺ ആരംഭിക്കുന്നതിന് മുമ്പ് വികസന പ്രവർത്തനങ്ങളിൽ വലിയൊരു പങ്കും പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. ആധുനിക സൗകര്യങ്ങൾ ഒരുക്കുന്നതോടെ തീർഥാടകരുടെ എണ്ണത്തിൽ 50 ശതമാനം വർധനയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദർശനം കഴിഞ്ഞ് ഉടൻ മടങ്ങാതെ സമീപത്തെ മറ്റ് ക്ഷേത്രങ്ങളിൽ കൂടി തീർഥാടകർക്ക് ദർശനം നടത്താൻ അവസരമൊരുക്കുന്ന തരത്തിൽ പിൽഗ്രിം ടൂറിസം വികസിപ്പിക്കാനും പദ്ധതിയുണ്ട്. ഇതിലൂടെ സർക്കാരിനും പ്രാദേശിക മേഖലയ്ക്കും സാമ്പത്തിക നേട്ടമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ശബരിമല വികസന പദ്ധതികൾക്ക് സിയാലിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. സിംഗപ്പൂർ വിമാനത്താവളത്തിലുള്ളതിനേക്കാൾ മികച്ച അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സിയാൽ ആരംഭിച്ച കൺസൾട്ടൻസി സേവനങ്ങൾക്ക് വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിയാലിനെ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിമാനത്താവളമാക്കി മാറ്റുകയാണ് ലക്ഷ്യം. വിമാനത്താവളവുമായി ബന്ധപ്പെട്ട വികസനത്തിന്റെ ഗുണഫലങ്ങൾ സമീപത്തെ പഞ്ചായത്തുകളിലെയും അങ്കമാലി നഗരസഭയിലെയും ജനങ്ങളുടെ ജീവിതത്തിലും പ്രതിഫലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


