വനംവകുപ്പ് ഉദ്യോഗസ്ഥരെ കാത്തിരുന്ന് മടുത്തതോടെ നാലടി നീളമുള്ള മുതലയെ സ്വയം പിടികൂടി വനംവകുപ്പിന് കൈമാറി മധ്യപ്രദേശിലെ കർഷക വനിത. ജബൽപൂരിലെ ഖമാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സൺപൂർ ഘാന ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളെയും കർഷകരെയും ഒരുപോലെ ഭീതിയിലാഴ്ത്തിയ മുതലയെയാണ് യുവതി സാഹസികമായി പിടികൂടിയത്.
മീൻ കുളത്തിൽ മുതല
ഗ്രാമത്തിലെ കർഷകനായ ലക്പത് യാദവിന്റെ കൃഷിയിടത്തിലെ മീൻ കുളത്തിലാണ് നാലടി നീളമുള്ള മുതലയെ കണ്ടെത്തിയത്. കുളത്തിലെ മീനുകളെ കാണാതാകുകയും ചത്ത മത്സ്യങ്ങളുടെ അവശിഷ്ടങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുകയും ചെയ്തതോടെ നടത്തിയ പരിശോധനയിലാണ് മുതലയുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ ലക്പത് യാദവ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും സഹായത്തിനായി ആരും സ്ഥലത്തെത്തിയില്ലെന്നാണ് വിവരം. ഗ്രാമവാസികൾക്കിടയിൽ ഭീതി വർധിച്ചതോടെ യാദവും ഭാര്യയും ചേർന്ന് മുതലയെ സ്വയം പിടികൂടാൻ തീരുമാനിക്കുകയായിരുന്നു.
വല വിരിച്ച് പിടികൂടി
തുടർന്ന് ഇരുവരും ചേർന്ന് കുളത്തിൽ വല വിരിച്ച് ഏറെ പരിശ്രമത്തിനൊടുവിൽ മുതലയെ പിടികൂടി. പിന്നാലെ യാദവിന്റെ ഭാര്യ മുതലയെ നേരിട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അടുത്തെത്തിച്ച് കൈമാറി. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വന്യജീവി രക്ഷാപ്രവർത്തനങ്ങളിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയ്ക്കെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥർ കൃത്യസമയത്ത് സ്ഥലത്തെത്താത്തതിനാലാണ് ജീവൻ പണയപ്പെടുത്തി ഇത്തരമൊരു നീക്കം നടത്തേണ്ടിവന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
വനംവകുപ്പിന്റെ മുന്നറിയിപ്പ്
അതേസമയം, പരിശീലനം ലഭിക്കാത്തവർ വന്യമൃഗങ്ങളെ സ്വയം പിടികൂടാൻ ശ്രമിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മുതലയെപ്പോലുള്ള വന്യമൃഗങ്ങളെ പിടികൂടുന്നത് അതീവ അപകടകരമാണ്. ഇത്തരം രക്ഷാപ്രവർത്തനങ്ങൾ പരിശീലനം ലഭിച്ച വിദഗ്ധ സംഘങ്ങളുടെ നേതൃത്വത്തിൽ മാത്രമേ നടത്താവൂ എന്നും അധികൃതർ ഓർമിപ്പിക്കുന്നു.


