വാഷിങ്ടൺ: ചൈനീസ് എഐ കമ്പനികൾക്ക് നൂതന കമ്പ്യൂട്ടിങ് ചിപ്പുകളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ പുതിയ നടപടികളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മൂന്നാം രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകൾ വഴി ചൈനീസ് കമ്പനികൾ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ മറികടക്കുന്നത് തടയുകയാണ് പുതിയ നീക്കത്തിന്റെ ലക്ഷ്യം. യുഎസ് ബ്യൂറോ ഓഫ് ഇൻഡസ്ട്രി ആൻഡ് സെക്യൂരിറ്റി (ബിഐഎസ്) തിങ്കളാഴ്ചയാണ് ഇതുസംബന്ധിച്ച പുതിയ നിയമം പ്രഖ്യാപിച്ചത്.
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, തായ്‌ലൻഡ്, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള അത്യാധുനിക ചിപ്പുകളുടെ കയറ്റുമതിക്ക് ഇനി ലൈസൻസ് നിർബന്ധമാകും. സാങ്കേതികവിദ്യ വഴിതിരിച്ചുവിടാനുള്ള സാധ്യത കൂടുതലുള്ള രാജ്യങ്ങളായാണ് ഇവയെ യുഎസ് കണക്കാക്കുന്നത്.
ചൈനീസ് കമ്പനികൾക്ക് നേരിട്ട് ചിപ്പുകൾ കയറ്റുമതി ചെയ്യുന്നതിനും കൈമാറുന്നതിനും ലൈസൻസ് ആവശ്യമായ നിലവിലെ നിയന്ത്രണങ്ങളുടെ വിപുലീകരണമാണ് പുതിയ നടപടിയെന്ന് ബിഐഎസ് വ്യക്തമാക്കി. അമേരിക്കയുടെ നൂതന കമ്പ്യൂട്ടിങ്, സൂപ്പർ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ നിയമാനുസൃതമായ വാണിജ്യ ആവശ്യങ്ങൾക്കായി ആഗോളതലത്തിൽ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും അതേസമയം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ദുരുപയോഗം തടയുമെന്നും ബിഐഎസ് അറിയിച്ചു.
നിലവിലെ യുഎസ് കയറ്റുമതി നിയന്ത്രണങ്ങൾ പ്രകാരം ഗ്രാഫിക്സ് പ്രോസസ്സിങ് യൂണിറ്റുകൾ (ജിപിയു) നേരിട്ട് ഇറക്കുമതി ചെയ്യുന്നതിന് ചൈനീസ് കമ്പനികൾക്ക് നിയന്ത്രണമുണ്ട്. എന്നാൽ സിംഗപ്പൂർ, മലേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിലെ ഡാറ്റാ സെന്ററുകളിലുള്ള അത്യാധുനിക കമ്പ്യൂട്ടിങ് ശേഷി റിമോട്ട് ആക്സസ് വഴി ഉപയോഗിക്കാൻ ഇതുവരെ സാധിച്ചിരുന്നു. പുതിയ നിയമം ഇതിന് നിയന്ത്രണമേർപ്പെടുത്തും.
അതേസമയം, പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണെന്ന് സിംഗപ്പൂർ അറിയിച്ചു. നിരവധി അന്താരാഷ്ട്ര ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്ന രാജ്യമാണ് സിംഗപ്പൂർ.
എൻവിഡിയയുമായി ബന്ധപ്പെട്ട ചാരവിവാദവും പുതിയ നിയന്ത്രണങ്ങൾക്ക് പശ്ചാത്തലമായിട്ടുണ്ട്. എൻവിഡിയ മുൻ സിഇഒ ജെൻസൻ ഹുവാങും ചൈനീസ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയവുമായി ബന്ധമുള്ളതായി ആരോപിക്കപ്പെടുന്ന ഒരു വനിതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സിംഗപ്പൂർ ആസ്ഥാനമായുള്ള ഡാറ്റാ സെന്റർ കമ്പനിയായ മെഗാസ്പീഡിലെ ചൈനീസ് എക്സിക്യൂട്ടീവുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദമായിട്ടുണ്ട്.
എൻവിഡിയയുടെ നൂതന ചിപ്പുകളുടെ കയറ്റുമതി ഇതിനകം തന്നെ അമേരിക്കയുടെ സൂക്ഷ്മപരിശോധനയിലാണ്. എഐ സാങ്കേതികവിദ്യയിലെ ആഗോള മേധാവിത്വവും ദേശീയ സുരക്ഷയും മുൻനിർത്തി ചൈനയിലേക്കുള്ള സാങ്കേതികവിദ്യയുടെ ഒഴുക്ക് നിയന്ത്രിക്കാനുള്ള അമേരിക്കയുടെ നീക്കത്തിന് പുതിയ നിയമം കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.


