കോഴിക്കോട്: നഗരമധ്യത്തിലെ ആളൊഴിഞ്ഞ പറമ്പിൽ നട്ടുപിടിപ്പിച്ച നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടികൾ എക്സൈസ് സംഘം പിടിച്ചെടുത്തു. കുതിരവട്ടത്ത് നിന്നും അരയിടത്തുപാലത്തേക്ക് പോകുന്ന റോഡിന് സമീപം സ്ഥിതി ചെയ്യുന്ന വിജനമായ പറമ്പിലായിരുന്നു ഇവ വളർത്തിയിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട് എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിൽ പൂർണ്ണ വളർച്ചയെത്തിയ 17 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
പിടിച്ചെടുത്ത ചെടികൾ പിന്നീട് എക്സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. സംഭവത്തിൽ എക്സൈസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നഗരത്തിന് തൊട്ടടുത്തുള്ള ഈ പ്രദേശത്ത് കഞ്ചാവ് നട്ടുപിടിപ്പിച്ചത് ആരാണെന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥർ അന്വേഷിച്ചു വരികയാണ്. നഗരമധ്യത്തിൽ ഇത്തരത്തിൽ കഞ്ചാവ് കൃഷി കണ്ടെത്തിയത് അധികൃതർ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.









