തൃശ്ശൂർ: തൃശൂർ സിറ്റിയിൽ നടന്ന തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് കൃത്യവും പ്രതിജ്ഞാബദ്ധവുമായ കർത്തവ്യനിർവ്വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ. ദേശ്മുഖ് ഐ.പി.എസ് പ്രശംസാപത്രം നൽകി അനുമോദിച്ചു.
തെരഞ്ഞെടുപ്പ് കാലയളവിൽ സുരക്ഷ, നിയമക്രമ പാലനം, സംഘർഷനിവാരണം തുടങ്ങിയ മേഖലകളിൽ മികച്ച സേവനം കാഴ്ചവച്ച ഉദ്യോഗസ്ഥർക്കാണ് ഈ അംഗീകാരം. തൃശൂർ സിറ്റിയിലെ അഡീഷണൽ സൂപ്രണ്ട്, അസിസ്റ്റന്റ് കമ്മീഷണർമാർ, 21 പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥരാണ് പ്രശംസാപത്രം ഏറ്റുവാങ്ങിയത്.
അഡീഷണൽ സൂപ്രണ്ട് ഷീൻ തറയിൽ, അസിസ്റ്റന്റ് കമ്മീഷണർമാരായ കെ.സി. സേതു (സ്പെഷ്യൽ ബ്രാഞ്ച്), സലീഷ് എൻ.എസ് (ക്രൈം ബ്രാഞ്ച്), ബാബു പി. ഡേവിസ് (നാർകോട്ടിക് സെൽ), സജു ജോർജ് (ഡി.സി.ആർ.ബി), കെ.ജി. സുരേഷ് (തൃശൂർ), സി.ആർ. സന്തോഷ് (കുന്നംകുളം), സി. പ്രേമാനന്ദകൃഷ്ണൻ (ഗുരുവായൂർ), എസ്.പി. സുധീരൻ (ഒല്ലൂർ) എന്നിവരും അനുമോദനപത്രം സ്വീകരിച്ചു.
ഇതോടൊപ്പം 21 പോലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒമാർ, സായുധ സേനാ വിഭാഗത്തിലെ എം.ടി.എസ് എച്ച്.ഒ & എസ്.ഐമാർ, മികച്ച പ്രവർത്തനം കാഴ്ചവച്ച തൃശൂർ സിറ്റി ഡാൻസാഫ് സ്ക്വാഡ് അംഗങ്ങൾ എന്നിവർക്കും പ്രശംസാപത്രം നൽകി. വിയ്യൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആത്മഹത്യാശ്രമത്തിൽ നിന്നും ഒരു സ്ത്രീയെ രക്ഷപ്പെടുത്തിയ ഉദ്യോഗസ്ഥരെയും, തെരഞ്ഞെടുപ്പിനിടയിൽ ബൂത്തിലെ സംഘർഷാവസ്ഥ സന്ദർഭോചിതമായി പരിഹരിച്ച സിവിൽ പോലീസ് ഓഫീസറെയും പ്രത്യേകമായി ആദരിച്ചു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിന് ആത്മാർത്ഥതയോടെ കർത്തവ്യനിർവ്വഹണം നടത്തിയ തൃശൂർ സിറ്റി ജില്ലയിലെ ഓരോ പോലീസ് ഉദ്യോഗസ്ഥർക്കും സിറ്റി പോലീസ് കമ്മീഷണർ അഭിനന്ദനങ്ങളും നന്ദിയും അറിയിച്ചു.




