കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നെങ്കിലും കാഞ്ഞിരപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ രാഷ്ട്രീയ പോര് അവസാനിക്കുന്നില്ല. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ പട്ടിമറ്റം നോർത്ത് (12-ാം വാർഡ്) ഒന്നാം ബൂത്തിലെ വോട്ട് എണ്ണിയതിൽ ഗുരുതരമായ പിഴവ് സംഭവിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് ഡിവിഷനിൽ മുഴുവൻ റീ കൗണ്ടിംഗ് വേണമെന്ന ആവശ്യവുമായി എൽഡിഎഫ് രംഗത്തെത്തി. നിലവിൽ നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി തോമസ് കുന്നപ്പള്ളിയുടെ ലീഡ് പരിശോധനയ്ക്ക് ശേഷം ഗണ്യമായി കുറഞ്ഞതോടെ മണ്ഡലത്തിലെ ഫലം തന്നെ മാറിമറിയുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ.
പട്ടിമറ്റം നോർത്തിലെ ഒന്നാം ബൂത്തിൽ വോട്ടിങ്ങിനിടെ ഒരു ബാലറ്റ് മെഷീൻ കേടായതിനെത്തുടർന്ന് രണ്ടാമതൊരു മെഷീൻ കൂടി ഉപയോഗിച്ചിരുന്നു. എന്നാൽ വോട്ടെണ്ണൽ സമയത്ത് ഉദ്യോഗസ്ഥരും ഏജന്റുമാരും ശ്രദ്ധിക്കാതെ പോയതിനാൽ ആദ്യത്തെ മെഷീനിലെ വോട്ടുകൾ മാത്രമാണ് എണ്ണിയത്. എൽഡിഎഫ് സ്ഥാനാർത്ഥി ജോളി മടുക്കക്കുഴി നൽകിയ പരാതിയെത്തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരം നടത്തിയ പുനഃപരിശോധനയിലാണ് രണ്ടാമത്തെ മെഷീൻ എണ്ണാതെ പോയ വിവരം പുറത്തുവന്നത്. രണ്ടാമത്തെ മെഷീനിലെ വോട്ടുകൾ കൂടി ചേർത്തപ്പോൾ ജോളി മടുക്കക്കുഴിക്ക് ഈ ബൂത്തിൽ നിന്ന് മാത്രം 228 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഇതോടെ തോമസ് കുന്നപ്പള്ളിയുടെ ആകെ ഭൂരിപക്ഷം 295-ൽ നിന്നും 135 ആയി കുറഞ്ഞു.
ഒരു ബൂത്തിൽ ഇത്രയും വലിയ അബദ്ധം സംഭവിച്ച സാഹചര്യത്തിൽ വെള്ളൂർ, നെടുംകുന്നം കൗണ്ടിംഗ് സെന്ററുകളിലും റീ കൗണ്ടിംഗ് വേണമെന്നാണ് ജോളി മടുക്കക്കുഴിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കലക്ടറുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ വോട്ടെണ്ണലിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് എൽ.ഡി.എഫ് തീരുമാനം. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയിൽ വരും ദിവസങ്ങളിലെ നിയമനടപടികൾ ഏറെ നിർണ്ണായകമാകും.




