തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻ ദേവിനും നോട്ടീസ് അയച്ച് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. കെഎസ്ആർടിസി ഡ്രൈവർ യദു നൽകിയ പരാതിയിലാണ് നോട്ടീസ്. നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ സംഭവത്തിൽ ആര്യയെയും സച്ചിനെയും ഒഴിവാക്കിയ കുറ്റപത്രത്തിനെതിനെതിരായ ഹർജിയിലാണ് നോട്ടീസ്. മേയറുടെ സഹോദരൻ അരവിന്ദിനെ മാത്രം പ്രതിയാക്കിയുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. ഇത് റദ്ദാക്കണമെന്നാണ് യദുവിന്റെ ആവശ്യം. തനിക്കൊപ്പമുണ്ടായിരുന്ന കണ്ടക്ടറെയും പ്രതിചേർക്കണമെന്ന ആവശ്യവും യദു ഉന്നയിച്ചു.
2024 ഏപ്രിലിൽ പാളയത്ത് വച്ചാണ് ആര്യയും സച്ചിനും സഞ്ചരിച്ച കാർ കെഎസ്ആർടിസി ബസിനെ തടഞ്ഞത്. തുടർന്ന് ആര്യയും യദുവും തമ്മിൽ നടുറോഡിൽ വാക്കേറ്റമുണ്ടായി. പ്ലാമൂട് വച്ച് ആദ്യം ബസ് കാറിനെ ഇടിക്കുന്ന രീതിയിൽ ഓടിച്ചെന്നും പിന്നാലെ ഡ്രെെവർ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു മുൻ മേയറുടെ ആരോപണം.
ആര്യ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കെഎസ്ആർടിസി ബസിന് കുറുകെ കാർ നിർത്തി ജോലി തടസപ്പെടുത്തിയെന്ന് കാണിച്ച് യദു പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ കേസെടുത്തില്ല. പിന്നീട് യദു കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിർദേശപ്രകാരം കന്റോൺമെന്റ് പൊലീസ് കേസെടുക്കുകയും ചെയ്തു.






