തൊഴിലുറപ്പുപദ്ധതിക്ക് ചെക്ക് വെച്ചതിന് പിന്നാലെ രാജ്യത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തെയും ബാധിക്കുന്ന തരത്തിലുള്ള വലിയ മാറ്റങ്ങൾക്ക് തിടുക്കം കൂട്ടുകയാണ് കേന്ദ്രസർക്കാർ . ദേശീയ ആരോഗ്യദൗത്യമായ എൻ.എച്ച്.എം ലും വലിയ മാറ്റംവരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. നടപ്പാക്കാൻ പോകുന്ന പുതിയ പരിഷ്‌കരണങ്ങൾ സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തികഭാരം സൃഷ്ടിക്കുന്നതാണെന്ന ആശങ്ക ശക്തമാകുകയാണ്.
കരാർ അടിസ്ഥാനത്തിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും, സ്ഥിരം ജീവനക്കാരുടെ ശമ്പളബാധ്യത സംസ്ഥാന സർക്കാരുകളിലേക്ക് മാറ്റുകയും ചെയ്യുന്ന നടപടികളിലൂടെ പദ്ധതിയിൽ വലിയരീതിയലുള്ള മാറ്റങ്ങൾ വരുത്താനാണ് കേന്ദ്ര തീരുമാനം. ഇതോടെ ആരോഗ്യ മേഖലയിലെ സേവനങ്ങൾ മുമ്പത്തെ പോലെ തുടർന്നുപോകുമോ, സേവനങ്ങളുടെ ഗുണനിലവാരം കുറയുമോ എന്ന ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.
തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റവും, ഉന്നതവിദ്യാഭ്യാസ മേഖലയെ ഏകീകരിക്കുന്നതിനും നിയന്ത്രിക്കുന്നതിനും കേന്ദ്രീകൃത സംവിധാനവുമെല്ലാം സംസ്ഥാനങ്ങളെ വരുതിയിലാക്കാനുളള കേന്ദ്ര നീക്കത്തിന്റെ ഭാഗമാണ്.
ദേശീയ ആരോഗ്യദൗത്യത്തിൽ വരാനിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചുള്ള സൂചന, കേന്ദ്ര ആരോഗ്യമന്ത്രാലയം അഡീഷണൽ സെക്രട്ടറിയും എൻ.എച്ച്.എം. മിഷൻ ഡയറക്ടറുമായ ആരാധന പട്‌നായിക്, സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും അയച്ച കത്തിലൂടെ പുറത്തുവന്നതോടെയാണ് ചർച്ചകൾക്ക് ചൂടുപിടിച്ചത് . ഈ നിർദേശങ്ങൾ നടപ്പായാൽ ആരോഗ്യ മേഖലയ്ക്കായി സംസ്ഥാനങ്ങൾ ഇതുവരെ നീക്കിവെച്ചതിലും കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എൻ.എച്ച്.എം. വഴിയുള്ള കേന്ദ്രഫണ്ടിന്റെ പകുതിയിലധികവും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നൽകാനാണു വിനിയോഗിക്കുന്നത്. ഇതുമൂലം ആരോഗ്യമേഖലയിലെ പദ്ധതികൾക്കു പണമില്ലാത്ത സ്ഥിതിയാണ്. ഭരണപരമായ ചെലവുചുരുക്കലിലൂടെ മാത്രമേ ഇതിനു പരിഹാരമുണ്ടാക്കാനാകൂവെന്നാണ് കേന്ദ്രനിലപാട്.
ചെലവുചുരുക്കൽ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നിരവധി നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. ജീവനക്കാരുടെ ഘടന പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമനങ്ങൾ ഉണ്ടാകില്ലെന്നും, സമാന സ്വഭാവമുള്ള തസ്തികകൾ ലയിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ നിലവിലുള്ള ജീവനക്കാരെ അവരുടെ കഴിവും വിദ്യാഭ്യാസ യോഗ്യതയും വിലയിരുത്തി പുനർവിന്യസിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നടക്കുന്ന വിലയിരുത്തലിൽ ആവശ്യമായ കഴിവുകൾ ഇല്ലെന്ന് കണ്ടെത്തപ്പെടുന്നവർ ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന സൂചനയും കേന്ദ്രം നൽകുന്നു.
സ്ഥിരം നിയമനം പ്രോത്സാഹിപ്പിക്കണമെന്ന നിർദേശവും കേന്ദ്രം മുന്നോട്ടുവെച്ചിട്ടുണ്ട്. ഇതിലൂടെ സാമ്പത്തിക ബാധ്യത കൂടുതലായി സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും മേൽ ചുമത്തുകയാണ് ലക്ഷ്യം. നിലവിൽ ജില്ലാ പ്രോഗ്രാം മാനേജർ (ഡി.പി.എം.) ഉൾപ്പെടെയുള്ള ചില ഉന്നത തസ്തികകളിൽ മാത്രമാണ് സ്ഥിരനിയമനം നിലവിലുള്ളത്. ഇപ്പോൾ ഡി.പി.എമ്മിന്റെ ശമ്പളം എൻ.എച്ച്.എം. വഴിയാണ് നൽകുന്നത് എങ്കിലും, ഭാവിയിൽ ഇവരുടെ ശമ്പളച്ചെലവും സംസ്ഥാനം തന്നെ കണ്ടെത്തേണ്ടിവരുമെന്നതാണ് പുതിയ നിർദേശത്തിന്റെ ഉള്ളടക്കം.
ഇത് കേരളത്തിന് തിരിച്ചടിയാകുമെന്നതിൽ സംശയമില്ല. സംസ്ഥാനത്ത് 5,416 ആരോഗ്യ ഉപകേന്ദ്രങ്ങളടക്കം ആകെ 6,770 ആരോഗ്യസ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടങ്ങളിലായി പതിനയ്യായിരത്തിലേറെ എൻ.എച്ച്.എം. ജീവനക്കാരാണ് സേവനം അനുഷ്ഠിക്കുന്നത്.
ഡോക്ടർമാർ, നഴ്‌സുമാർ, പി.ആർ.ഒ., ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാർ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാർ, ഫിസിയോ തെറപ്പിസ്റ്റുകൾ, ഫാർമസിസ്റ്റുകൾ, കൗൺസലർമാർ തുടങ്ങിയവരെയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ഏകദേശം 28,000 ആശമാരും സംസ്ഥാനത്തെ ആരോഗ്യസേവന രംഗത്ത് സജീവമാണ്.
താത്കാലിക ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്നതാണ് യാഥാർത്ഥ്യം. നിലവിൽ ഡോക്ടർമാരുൾപ്പെടെയുള്ള സ്ഥിരം തസ്തികകളിൽ ഒഴിവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, എൻ.എച്ച്.എം. മുഖേന താത്കാലിക നിയമനങ്ങൾ നടത്തുന്നതാണ് പതിവ്.
കേന്ദ്ര സർക്കാർ വരുത്തുന്ന ഈ മാറ്റങ്ങൾ, സംസ്ഥാനങ്ങൾക്ക് അധിക ബാധ്യത സൃഷ്ടിക്കുമെന്നകാര്യത്തിൽ തർക്കമില്ല. തൊഴിലുറപ്പുപദ്ധതിയും ദേശീയ ആരോഗ്യദൗത്യവും ഉൾപ്പെടെയുളള പരിഷ്‌കരണങ്ങൾ സംസ്ഥാനങ്ങളെ കേന്ദ്രത്തിന്റെ വരുതിയിലാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. അതിനാൽ, കേന്ദ്രത്തിന്റെ ഈ നീക്കങ്ങളിൽ സംസ്ഥാനങ്ങൾ ഇനി എന്ത് ചെയ്യുമെന്ന് മാത്രമാണ് അറിയേണ്ടത്.






