കോട്ടയം: മാഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ പ്രവർത്തിക്കുന്ന കാട വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ-നിയന്ത്രണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. രോഗം റിപ്പോർട്ട് ചെയ്ത ഫാം കേന്ദ്രീകരിച്ചുള്ള ഒരു കിലോമീറ്റർ ചുറ്റളവിൽ കടുത്ത ജാഗ്രതയാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഈ പരിധിയിലുള്ള വീടുകളെ നിലവിൽ സജീവ നിരീക്ഷണ മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പത്ത് ദിവസം നീണ്ടുനിൽക്കുന്ന വിശദമായ ആരോഗ്യ നിരീക്ഷണ പ്രവർത്തനങ്ങൾക്കായി പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. കാട ഫാമിൽ ജോലി ചെയ്തിരുന്നവരിലോ സമീപവാസികളിലോ നിലവിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വാർഡ് മെമ്പർ ഷേർലിൻ ജോസിന്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഷിബുമോൻ ബി, പബ്ലിക് ഹെൽത്ത് നേഴ്സ് ജാൻസി ജോസഫ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു തോമസ്, അംബിക എം, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അനുഷ, ആശാ പ്രവർത്തക അജിത എന്നിവരടങ്ങിയ സംഘമാണ് വീടുകൾ കയറിയുള്ള നിരീക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മെഡിക്കൽ ഓഫീസർ ഡോ. ജെസ്സിയ ജോർജിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമ്മ സേന (ആർ.ആർ.ടി) പ്രതിദിന സാഹചര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും പക്ഷികളിൽ അസ്വാഭാവികമായ മരണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരം അറിയിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.









