തിരുവനന്തപുരം: വര്‍ക്കലയില്‍ മദ്യപാനി ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുടുംബത്തിന്റെ ആവശ്യ പ്രകാരമാണ് കൊച്ചിയിലേക്ക് മാറ്റിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയെ കൊച്ചിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ നന്ദിയോട് സ്വദേശി ശ്രീക്കുട്ടി ഒന്നരമാസമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
പെണ്‍കുട്ടിക്ക് പൂര്‍ണമായും ബോധം വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ട്രെയിന്‍ യാത്രക്കിടെ മദ്യപിച്ച് ട്രെയിനില്‍ കയറിയ സുരേഷ് കുമാര്‍ എന്നപ്രതി പെണ്‍കുട്ടിയെ ചവിട്ടി പുറത്തേക്കിടുകയായിരുന്നു.
നവംബര്‍ രണ്ടിനാണ് കേരള എക്സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പുകവലിക്കുന്നത് ചോദ്യം ചെയ്തതിന്റെ പേരിലാണ് ജനറല്‍ കംപാര്‍ട്ട്മെന്റിന്റെ വാതിലില്‍ ഇരുന്ന ശ്രീക്കുട്ടിയെ പ്രതി ട്രെയിനില്‍ നിന്ന് ചവിട്ടി വീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന അര്‍ച്ചനയേയും ഇയാള്‍ തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. അര്‍ച്ചനയുടെ ബഹളം കേട്ട് ബിഹാര്‍ സ്വദേശിയായ ശങ്കര്‍ പാസ്വാന് ആണ് പ്രതിയെ കീഴ്പ്പെടുത്തി അര്‍ച്ചനയെ രക്ഷിച്ചത്. കേസിലെ പ്രധാന സാക്ഷിയാണ് ശങ്കര്‍ പാസ്വാന്. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് പൊലീസ് ശങ്കറിനെ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചപ്പോഴാണ് സ്വന്തം ജീവന് പണയം വച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാളെ ശ്രദ്ധയില്‍പ്പെട്ടത്.




