അഹമ്മദാബാദ്: കഴിഞ്ഞ വർഷം ജൂൺ 12ന് അഹമ്മദാബാദിൽ നടന്ന എയർ ഇന്ത്യ AI-171 വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന ഇടക്കാല ധനസഹായ വിതരണം ഏറെക്കുറെ പൂർത്തിയായതായി റിപ്പോർട്ട്. അപകടത്തിൽ മരിച്ചവരുടെ 96 ശതമാനം കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വീതം ഇടക്കാല ആശ്വാസധനം കൈമാറിയതായി എയർ ഇന്ത്യയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. അവശേഷിക്കുന്ന നാല് ശതമാനം കുടുംബങ്ങൾക്ക് അവകാശ തർക്കങ്ങളും രേഖകളിലെ അപാകതകളും കാരണം തുക വിതരണം ചെയ്യാനായിട്ടില്ല.
അപകടത്തിൽ പരിക്കേറ്റ പ്രദേശവാസികളിൽ 94 ശതമാനം പേർക്കും പരിക്കിന്റെ ഗൗരവവും ജീവനോപാധി നഷ്ടവും പരിഗണിച്ച് ഇടക്കാല സഹായമോ ഒറ്റത്തവണ നഷ്ടപരിഹാരമോ നൽകിയിട്ടുണ്ട്. നിയമപരമായ നഷ്ടപരിഹാരത്തിന് പുറമെ, ടാറ്റാ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരു കോടി രൂപ വീതം സഹായം പ്രഖ്യാപിച്ചിരുന്നു. ഇതിനായി രൂപീകരിച്ച ‘AI-171 മെമ്മോറിയൽ ആൻഡ് വെൽഫെയർ ട്രസ്റ്റ്’ വഴി 91 ശതമാനം കുടുംബങ്ങൾക്കും തുക വിതരണം ചെയ്തു.
അന്തിമ നഷ്ടപരിഹാരം സംബന്ധിച്ച ചർച്ചകൾ എയർ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. എന്നാൽ അന്തിമ തുക സ്വീകരിക്കുന്നതിന് യാതൊരു സമയപരിധിയും നിശ്ചയിച്ചിട്ടില്ലെന്നും കുടുംബങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തില്ലെന്നും അധികൃതർ വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമായിരിക്കും അന്തിമ നഷ്ടപരിഹാരം നൽകുക.
മരിച്ചവരുടെ വ്യക്തിഗത സാധനങ്ങൾ ബന്ധുക്കൾക്ക് തിരികെ നൽകുന്ന നടപടികളും പുരോഗമിക്കുകയാണ്. ഇന്ത്യയിലും യുകെയിലുമായി 139 കുടുംബങ്ങൾക്ക് സാധനങ്ങൾ കൈമാറി. എന്നാൽ 15 കുടുംബങ്ങൾ ഇവ സ്വീകരിക്കാൻ തയ്യാറായിട്ടില്ല.
കഴിഞ്ഞ വർഷം ജൂൺ 12ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെയാണ് എയർ ഇന്ത്യയുടെ AI-171 ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 241 പേരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു. വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലുണ്ടായിരുന്ന 19 ഓളം പേരും മരിച്ചതോടെ അപകടത്തിൽ ആകെ 260 പേരാണ് ജീവൻ നഷ്ടമായത്.






