ന്യൂയോര്‍ക്ക്: അമേരിക്കയില്‍ കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് വ്യോമഗതാഗതം പ്രതിസന്ധിയിലായി. ഇന്നലെ മാത്രം ആയിരത്തിലധികം വിമാന സര്‍വീസുകളാണ് രാജ്യത്തെമ്പാടും റദ്ദാക്കിയത്.
രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗങ്ങളിലും മധ്യ-പടിഞ്ഞാറന്‍ മേഖലകളിലും ശൈത്യകാല കൊടുങ്കാറ്റും ശക്തമായ മഞ്ഞുവീഴ്ചയും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്നും മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണി വരെ 1191 വിമാനങ്ങളാണ് റദ്ദാക്കിയത്. 3974 വിമാനങ്ങള്‍ വൈകിയാണ് സര്‍വ്വീസ് ആരംഭിച്ചത്. ന്യൂയോര്‍ക്, ചിക്കാഗോ വിമാനത്താവളങ്ങളാണ് പ്രതിസന്ധി നിലനില്‍ക്കുന്ന വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടവ. റദ്ദാക്കിയ 785 വിമാനങ്ങളും ന്യൂയോര്‍ക്ക് വിമാനത്താവളത്തിലേക്ക് പോയതും ഇവിടെ നിന്ന് പുറപ്പെട്ടതുമാണ്.
വിമാനങ്ങള്‍ റദ്ദാക്കിയതോടെ ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ന്യൂയോര്‍ക്ക് നഗരത്തിലടക്കം വലിയ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്.
മഞ്ഞുവീഴ്ച റോഡ് ഗതാഗതത്തെയും സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പുണ്ട്. അവധിക്കാലം ആഘോഷിക്കാന്‍ പോയ പലരും വിമാനത്താവളങ്ങളില്‍ കുടുങ്ങി. വരും ദിവസങ്ങളിലും മഞ്ഞുവീഴ്ച തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ സാഹചര്യത്തില്‍ അടിയന്തിര സ്വഭാവമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ജനങ്ങളോട് നിര്‍ദേശമുണ്ട്.










