കോട്ടയം: നൂറാം വാർഷികത്തിന്റെ നിറവിൽ നിൽക്കുന്ന തീക്കോയി സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തിൽ പുതുതായി നിർമ്മിച്ച മണിമാളികയും മണിയും വെഞ്ചരിച്ചു. പാലാ രൂപതയിലെ തന്നെ ഏറ്റവും ഉയരമുള്ള മണിമാളികകളിലൊന്നാണ് ശതാബ്ദി വർഷത്തിൽ വിശ്വാസികൾക്കായി തുറന്നുകൊടുത്തത്.
57 അടി ഉയരമുള്ള ഈ മണിമാളിക നിർമ്മിച്ച് നൽകിയത് തയ്യിൽ കുടുംബയോഗമാണ്. മാന്നാറിൽ പ്രത്യേകമായി വാർത്തെടുത്ത 410 കിലോഗ്രാം തൂക്കമുള്ള പള്ളിമണി വടക്കേമുറിയിൽ വി.ജെ. മാത്യു (പാപ്പച്ചൻ) ആണ് ദൈവാലയത്തിന് സമർപ്പിച്ചത്.
കഴിഞ്ഞ ഞായറാഴ്ച (28.12.2025) രാവിലെ 8.30-ന് നടന്ന ചടങ്ങിൽ പാലാ രൂപത വികാരി ജനറൽ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ വെഞ്ചിരിപ്പ് കർമ്മം നിർവഹിച്ചു. അരുവിത്തുറ പള്ളി വികാരി വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, തീക്കോയി പള്ളി വികാരി വെരി റവ. ഡോ. ജോർജ് വെട്ടുകല്ലേൽ, അസിസ്റ്റന്റ് വികാരി റവ. ഫാ. ടോം വാഴയിൽ എന്നിവർ ചടങ്ങിൽ സഹകാർമികത്വം വഹിച്ചു. 1926-ൽ സ്ഥാപിതമായ ഈ ദൈവാലയത്തിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി ഈ മണിമാളികയുടെ സമർപ്പണം മാറി.




