കോട്ടയം: കോണത്താറ്റു പാലത്തിനടിയിലൂടെ ഹോസ്പിറ്റൽ തോട് നികത്തി വഴി നിർമ്മിക്കാനുള്ള ശ്രമത്തിന് ഇറിഗേഷൻ വകുപ്പ് താൽക്കാലിക വിലക്കേർപ്പെടുത്തി. സമീപവാസികളുടേയും മത്സ്യത്തൊഴിലാളികളുടേയും ശക്തമായ എതിർപ്പിനെ തുടർന്നാണ് നടപടി. പാലത്തിന്റെ പ്രവേശന പാതയുടെ വടക്കുവശത്തുള്ള മൂന്ന് കടക്കാർക്കും ഒരു വീട്ടുകാർക്കും വാഹനസഞ്ചാരയോഗ്യമായ ചെറിയ വഴി നിർമ്മിക്കാനായിരുന്നു ഉദ്യോഗസ്ഥരുടെ നീക്കം.
നിലവിൽ സ്റ്റെപ്പുകൾ ഉള്ള മാർഗമാണ് കിഫ്ബി പദ്ധതിയിൽ ഇവർക്കായി നിർമ്മിച്ചു നൽകിയിരിക്കുന്നത്. ഈ ഇരുമ്പ് ഗോവണി വഴിയുള്ള സഞ്ചാരം കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും വീട്ടുകാർക്കും ബുദ്ധിമുട്ടായതിനാലാണ് ചെറിയ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ തക്ക വഴി നിർമ്മിച്ചു നൽകാൻ വകുപ്പ് തീരുമാനിച്ചത്.
എന്നാൽ, പാലം നിർമ്മിക്കുന്നതിന് മുൻപ് വേണ്ടത്ര ശ്രദ്ധ പ്ലാനിംഗിൽ ഉണ്ടാകാതിരുന്നതാണ് നിലവിലെ പ്രതിഷേധങ്ങൾക്ക് പ്രധാന കാരണം. ശ്രീനാരായണ ഗുരുമന്ദിരത്തിലൂടെ ഓട നിർമ്മിക്കാനുള്ള ശ്രമം ഭക്തർ സംഘടിച്ചെത്തി തടഞ്ഞതിനും കാരണം പ്ലാനിംഗിലെ പിഴവാണ്. ചെറിയ വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ പോലും കുമരകത്തെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാകുന്ന സാഹചര്യത്തിൽ, തോട് നികത്തി വഴി നിർമ്മിക്കുന്നത് കിഴക്കൻ വെള്ളം കായലിലേക്ക് ഒഴുകിയെത്തുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നത്.
കൂടാതെ, പാലം പണിക്കായി തോടിനു കുറുകെ ഗതാഗതത്തിനായി നിർമ്മിച്ച ബണ്ട് പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടിട്ടും ഇതുവരെ പൊളിച്ചു നീക്കിയിട്ടില്ല. അതേസമയം, കുമരകം നിവാസികളുടെ നീണ്ടനാളത്തെ ആവശ്യമായ കോണത്താറ്റു പാലം മനോഹരമായി നിർമ്മിച്ചതിനെ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. തോട് മണ്ണിട്ടു നികത്തുന്നതിന് പകരം, കോൺക്രീറ്റ് തൂണുകൾ നാട്ടി പില്ലറുകൾ വാർത്ത് സ്ലാബ് ഇട്ടാൽ നീരൊഴുക്ക് തടസ്സപ്പെടില്ലെന്നും, ആശുപത്രി റോഡിനരികിലൂടെ ഓട നിർമ്മിച്ച് സ്ലാബിട്ട് മൂടിയാൽ ഗുരുമന്ദിരം ഒഴിവാക്കി ഓട വിഷയവും പരിഹരിക്കാമെന്നും നാട്ടുകാർ അഭിപ്രായപ്പെടുന്നു.




