കുമരകം: ഭക്തലക്ഷങ്ങളെ സാക്ഷിയാക്കി കുമരകം മേജർ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ഈ വർഷത്തെ മകരവിളക്ക്, തൈപ്പൂയ മഹോത്സവങ്ങൾക്ക് ഒരുക്കങ്ങളായി. ജനുവരി 14 ബുധനാഴ്ചയാണ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം നടക്കുക. അന്ന് രാവിലെ 10 മണിക്ക് നെയ്യഭിഷേകം, അഷ്ടാഭിഷേകം എന്നിവ നടക്കും.
വൈകുന്നേരം 6 മണിക്ക് കുമരകം ചന്തക്കവലയിൽ നിന്നാരംഭിക്കുന്ന തങ്കഅങ്കി സ്വീകരണം പ്രധാന ചടങ്ങാണ്. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധനയും മകരവിളക്കും ഭക്തർക്ക് ദർശിക്കാം. മകരവിളക്ക് ദിവസം രാവിലെ 9 മണിക്ക് മുൻപായി നെയ്യുമായി എത്തുന്ന ഭക്തർക്ക് ശാസ്താവിന് നെയ്യഭിഷേകം വഴിപാടായി സമർപ്പിക്കാൻ അവസരമുണ്ട്.
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഫെബ്രുവരി 1, ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്. രാവിലെ 9 മണിക്ക് കാവടി പൂജയും തുടർന്ന് വടക്കുംകര ദേവി ക്ഷേത്ര സന്നിധിയിലെ പാട്ടുപുരയ്ക്കൽ നിന്നും ആരംഭിക്കുന്ന ഭക്തിനിർഭരമായ കാവടി ഘോഷയാത്രയും നടക്കും. 11 മണിക്ക് കാവടി അഭിഷേകം, ഉച്ചയ്ക്ക് 12.30-ന് പ്രസാദമൂട്ട്, വൈകുന്നേരം ദീപാരാധന എന്നിവയോടെ ചടങ്ങുകൾ സമാപിക്കും. കാവടി എടുക്കാൻ ആഗ്രഹിക്കുന്ന ഭക്തർ ജനുവരി 25-ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണമെന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.




