കോട്ടയം : ഇനി മുതൽ വാഹനത്തിൽ ഉറങ്ങി വണ്ടി ഓടിച്ച് അപകടത്തിൽപെടുന്നതു കുറയ്ക്കാൻ എം ജി സർവകലാശാലയിൽനിന്ന് ഒരു എഐ യന്ത്രം. ഡ്രൈവർമാരുടെ ഉറക്കക്ഷീണം മുൻകൂട്ടി കണ്ടെത്തുന്നതു വഴി റോഡപകടങ്ങൾ കുറയ്ക്കുന്നതിനുള്ള ‘എ ഡ്രൗസിനസ് ഡിറ്റക്‌ഷൻ സിസ്റ്റ’ത്തിനു പേറ്റന്റ് ലഭിച്ചു.
കോട്ടയത്ത് എം ജി സർവകലാശാലാ സ്കൂൾ ഓഫ് കംപ്യൂട്ടർ സയൻസസിലെ ഡോ. കെ.പി.പുഷ്പലത, ഗവേഷണ വിദ്യാർഥിനി ഡോ. വിനീത വിജയൻ എന്നിവർക്കാണു പേറ്റന്റ് ലഭിച്ചത്. മുഖഭാവങ്ങളിലെയും കണ്ണുകളുടെ ചലനങ്ങളിലെയും സൂക്ഷ്മമാറ്റങ്ങൾ ഉൾപ്പെടെയുള്ള ദൃശ്യസവിശേഷതകൾ വിശകലനം ചെയ്ത് ഡ്രൈവർമാരിലെ ഉറക്കക്ഷീണത്തിന്റെ ആദ്യ ലക്ഷണങ്ങൾ മുതൽ കണ്ടെത്താൻ ഈ യന്ത്രസംവിധാനം നിങ്ങളെ സഹായിക്കും.
ഇവിടെ മനുഷ്യനും വാഹനവും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്ന അഡാപ്റ്റീവ് മൊഡ്യൂൾ വികസിപ്പിക്കുകയാണു ഗവേഷണത്തിന്റെ അടുത്ത ഘട്ടം. ഇതിലൂടെ ഡ്രൈവറുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും അനുസരിച്ചുള്ള ഇടപെടൽ നടത്താനാകും. കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിൽ പ്രവർത്തിക്കുന്ന റിസർച് ഇന്നവേഷൻ നെറ്റ്‌വർക് കേരള നൽകുന്ന സീഡ് ഫണ്ടിങ്ങിന്റെ പിന്തുണയും ഈ ഗവേഷണത്തിനു ലഭിച്ചിരുന്നു.






