റിയാദ്: ജിദ്ദയിൽ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂർ വടക്കേ അനാര വൈലശ്ശേരി സ്വദേശി മുഹമ്മദ് അനസ് (33) ആണ് മരിച്ചത്. മുദല്ലിഫിൽ നിന്ന് ജിദ്ദയിലേക്ക് വരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനസ് ഒരാഴ്ചയായി ജിദ്ദ കിങ് അബ്ദുൽ അസീസ് ആശുപത്രിയിൽ അബോധാവസ്ഥയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്.
അഞ്ച് വർഷമായി പ്രവാസിയായിരുന്ന അനസ് ജിദ്ദയിലാണ് ജോലി ചെയ്തിരുന്നത്. പിതാവ് ഇബ്രാഹീം, മാതാവ് ഉസൈബ. ഭാര്യ ഹസ്‌ന. മകൻ അലൻ. ഇർഷാദ്, അനീഷ എന്നിവരാണ് സഹോദരങ്ങൾ.
ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതടക്കമുള്ള നടപടികൾക്കും മറ്റ് സഹായങ്ങൾക്കുമായി കെ.എം.സി.സി ജിദ്ദ വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.


