കോഴിക്കോട്: ബാലുശ്ശേരിയിൽ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്. ഉണ്ണികുളം നെരോത്ത് സ്വദേശി പി.പി മോഹനനാണ് പരിക്കേറ്റത്. മോഹനനെ മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മങ്ങാട് നെരോത്ത് തൊളോത്ത് ഭാഗത്ത് പശുവിന് പുല്ലരിയാന്‍ പോയ സമയത്താണ് ആക്രമണം നടന്നത്. നെരോത്ത് കൊന്നക്കല്‍ പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ മുന്‍പും നിരവധി പേര്‍ക്ക് പരിക്കേറ്റതായും വ്യാപക കൃഷിനാശമുണ്ടായതായും നാട്ടുകാര്‍ പറയുന്നു.
ഉണ്ണികുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറെ നാളുകളായി കാട്ടുപന്നി ശല്യം രൂക്ഷമാണ്. കാടുമൂടിക്കിടക്കുന്ന മേഖലകളില്‍ പന്നികള്‍ പെറ്റുപെരുകിയതിനാല്‍ പകല്‍ സമയത്ത് പോലും പുറത്തിറങ്ങാന്‍ പ്രദേശവാസികള്‍ ഭയപ്പെടുന്ന അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.






