അരശുംമൂട്ടിൽ അപ്പുക്കുട്ടനായും പച്ചാളം ഭാസിയായും മലയാളി മനസ്സിൽ മായാതെ അമ്പിളിച്ചേട്ടൻ
ഹാസ്യ സാമ്രാട്ടെന്നും ചിരിയുടെ തമ്പുരാനെന്നും വിശേഷിപ്പിക്കുമ്പോഴും നർമവും കടന്ന് മലയാള സിനിമയിൽ അദ്ദേഹം ഒരു സമ്പൂർണ നടനായിരുന്നു. മികച്ച നടൻ എന്നതിന് അലമാരകളിൽ ഔദ്യോഗിക അവാർഡുകൾ നിറഞ്ഞില്ലെങ്കിലും, എത്രയോ നാളുകളായി പ്രേക്ഷകർ ജഗതി ശ്രീകുമാറിന് ആ അംഗീകാരം നൽകി കഴിഞ്ഞു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ഈ അതുല്യ പ്രതിഭയ്ക്ക് ഇന്ന് 75-ാം പിറന്നാൾ മധുരം.
മലയാള സിനിമയുടെ വിസ്മയം
ഏറ്റവും കൂടുതൽ മലയാള സിനിമകളിൽ അഭിനയിച്ച നടൻ… കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ഏതറ്റംവരെയും പോകുന്ന നടൻ. സിനിമ നന്നായില്ലെങ്കിൽ പോലും ‘ജഗതി നന്നായി’ എന്ന് ജനം ആവർത്തിച്ച് പറഞ്ഞ നാല് ദശകങ്ങൾക്കാണ് മലയാളി സിനിമാ ലോകം സാക്ഷ്യം വഹിച്ചത്. ഏകദേശം 1200ഓളം ചിത്രങ്ങളിലാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ഏതൊരു കഥാപാത്രത്തെ ലഭിച്ചാലും അതിനെ തന്റേതായ ശൈലിയിൽ രൂപാന്തരപ്പെടുത്താനുള്ള ജഗതിയുടെ കഴിവ് അദ്ഭുതകരമായിരുന്നു. ജഗതി എങ്ങനെയായിരിക്കും അഭിനയിക്കുക എന്നത് കൂടെ നിൽക്കുന്നവർക്ക് പോലും പ്രവചിക്കാനാവില്ല; ഓരോ ടേക്കിലും അയാൾ കഥാപാത്രത്തിലേക്ക് ആഴത്തിൽ കടന്നുചെന്നിരിക്കും. അങ്ങനെയാണ് മലയാളിക്ക് മറക്കാനാവാത്ത അരശുംമൂട്ടിൽ അപ്പുക്കുട്ടനെയും ഒ.പി ഒളശയെയും പച്ചാളം ഭാസിയെയും കൃഷ്ണവിലാസം ഭഗീരഥൻ പിള്ളയെയും കുമ്പിടിയെയുമൊക്കെ ലഭിക്കുന്നത്.
നാടകത്തിന്റെ പശ്ചാത്തലം
1951 ജനുവരി അഞ്ചിന് നാടകാചാര്യൻ ജഗതി എൻ.കെ ആചാരിയുടെയും പൊന്നമ്മാളിൻറെയും മൂത്ത മകനായി തിരുവനന്തപുരത്താണ് ജഗതി ശ്രീകുമാർ ജനിച്ചത്. അച്ഛൻ വഴിയുള്ള നാടക പാരമ്പര്യം അദ്ദേഹത്തിന് ലഭിച്ചു. സ്‌കൂൾ പഠനകാലത്ത് തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങി. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നും ബോട്ടണിയിൽ ബിരുദം നേടിയ ശേഷം കുടുംബത്തെ പോലും ഉപേക്ഷിച്ച് സിനിമ സ്വപ്നം കണ്ട് മദ്രാസിലേക്ക് വണ്ടി കയറി. അവിടെ മെഡിക്കൽ റെപ്രസൻറേറ്റിവായി ജോലി ചെയ്യുമ്പോഴാണ് അദ്ദേഹത്തിന് സിനിമയിലേക്കുള്ള രംഗപ്രവേശം ലഭിക്കുന്നത്.
തുടക്കത്തിൽ ജൂനിയർ ആർട്ടിസ്റ്റായാണ് രംഗപ്രവേശം ചെയ്തത്. 1973ൽ റിലീസ് ചെയ്ത ‘ചട്ടമ്പികല്യാണി’ ആയിരുന്നു ജഗതിയുടെ ആദ്യ സിനിമ. പിന്നീട്, ചെറിയ ചെറിയ ഹാസ്യവേഷങ്ങളിലൂടെയും സഹനടനായുമൊക്കെ ജഗതി ശ്രീകുമാറെന്ന അതുല്യ കലാകാരൻ വളർന്നു.
പുരസ്‌കാരങ്ങൾക്കപ്പുറമുള്ള അംഗീകാരം
താനൊരു മികച്ച നടനാണെന്ന ബോധ്യം താരത്തിനുണ്ടായിരുന്നിട്ടും അതിന് അർഹിക്കുന്ന പുരസ്‌കാരം ബന്ധപ്പെട്ടവരിൽ നിന്നുണ്ടായിട്ടില്ലയെന്ന് അദ്ദേഹം തന്നെ ഒരിക്കൽ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും, ലഭിച്ച പുരസ്‌കാരങ്ങൾ അദ്ദേഹത്തിന്റെ അഭിനയപാടവത്തിന് അടിവരയിടുന്നു. 1991ലും 2002ലും മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരങ്ങൾ, 2011ൽ മികച്ച ഹാസ്യതാരത്തിനുള്ള പുരസ്‌കാരം തുടങ്ങി ഹാസ്യത്തിനും സ്വഭാവ കഥാപാത്രങ്ങൾക്കും ജഗതി ശ്രീകുമാറിന് നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
വിശ്രമം നൽകിയ അപകടം
2012 മാർച്ച് 10ന് പുലർച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ ഒരപകടം മലയാള സിനിമയുടെ ഈ സൂര്യതേജസ്സിന് താൽക്കാലിക വിശ്രമം നൽകി. ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകുംവഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജഗതി, വർഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
കഴിഞ്ഞ പതിനഞ്ച് വർഷമായി സിനിമാലോകത്ത് നിന്ന് വിട്ടുനിൽക്കുകയാണെങ്കിലും, മലയാളി പ്രേക്ഷകർ ഇന്നും കാത്തിരിപ്പിലാണ്. ആർക്കും അവിസ്മരണീയമാക്കാനാവാത്ത കുറേയെറ കഥാപാത്രങ്ങളിലൂടെ അമ്പിളിച്ചേട്ടൻറെ തിരിച്ചുവരവിനായി… ഇന്ന് 75-ാം പിറന്നാൾ ആഘോഷിക്കുമ്പോൾ, അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാർത്ഥനയിലാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ.
അപകടത്തിനുശേഷം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നിന്ന് അമ്പിളിച്ചേട്ടൻ വിട്ടുനിൽക്കുമ്പോഴും, പുതിയ തലമുറയിലെ സിനിമാ പ്രവർത്തകരും പ്രേക്ഷകരും അദ്ദേഹത്തിൻ്റെ അനശ്വര കഥാപാത്രങ്ങളെ ഇന്നും ഓർത്തെടുക്കുന്നു. സോഷ്യൽ മീഡിയയിൽ ഇന്നും ട്രോളുകളിലൂടെയും മീമുകളിലൂടെയും ജഗതി കഥാപാത്രങ്ങൾ സജീവമാണ്. ഒരു നടൻ എത്രത്തോളം ജനമനസ്സുകളിൽ ആഴത്തിൽ പതിഞ്ഞു എന്നതിൻ്റെ തെളിവാണത്. അടുത്തിടെ ചില പരസ്യചിത്രങ്ങളിലൂടെയും മറ്റും അദ്ദേഹം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത് സിനിമാപ്രേമികൾക്ക് വലിയ ആവേശമാണ് നൽകിയത്. രോഗശയ്യയിലും അദ്ദേഹം പങ്കുവെക്കുന്ന ചിരിയും നോട്ടങ്ങളും, കാലം മായ്ക്കാത്ത ഒരു കലാകാരൻ്റെ അണയാത്ത ഊർജ്ജത്തെയാണ് ഓർമ്മിപ്പിക്കുന്നത്. ഈ പിറന്നാൾ ദിനത്തിൽ, മലയാള സിനിമയുടെ ഈ തറവാട്ടുകാരണവർക്ക് എല്ലാവിധ ആശംസകളും നേരുന്നതിനൊപ്പം, പൂർണ്ണ ആരോഗ്യത്തോടെ അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ തിരിച്ചെത്തുന്ന ആ സുദിനത്തിനായി മലയാളക്കര കാത്തിരിക്കുകയാണ്.




