കോട്ടയം: ഏറ്റുമാനൂർ തവളക്കുഴി ജംഗ്ഷനിൽ അതിഥി തൊഴിലാളികൾക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. ഞായറാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം. ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റേഷനിലെ മത്സ്യ മാർക്കറ്റിൽ നിന്നും മീൻ വാങ്ങി മടങ്ങുകയായിരുന്ന നിർമ്മാണ തൊഴിലാളികൾക്ക് നേരെയാണ് ആറംഗ സംഘം അക്രമം അഴിച്ചുവിട്ടത്.
തൊഴിലാളികളെ തടഞ്ഞുനിർത്തിയ അക്രമികൾ പണവും മൊബൈൽ ഫോണും ആവശ്യപ്പെട്ടു. ഇത് നിഷേധിച്ചതിനെ തുടർന്ന് തൊഴിലാളികളുടെ കണ്ണിൽ സ്പ്രേ അടിച്ചശേഷം ഇവരെ വലിച്ചിഴച്ച് ദൂരസ്ഥലത്തേക്ക് കൊണ്ടുപോകാൻ സംഘം ശ്രമിച്ചു. ഈ പിടിവലിക്കിടെയാണ് ബീഹാർ സ്വദേശിയായ സച്ചിന് കുത്തേറ്റത്. കുത്തേറ്റ ഇയാൾ ഏറ്റുമാനൂരിലെ ആശുപത്രിയിൽ ചികിത്സ തേടി. അപ്രതീക്ഷിത ആക്രമണത്തിൽ ഭയന്നുപോയ തൊഴിലാളികൾ നിലവിൽ ജോലിക്ക് പോകാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.






