കോട്ടയം: ചങ്ങനാശേരി നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കേറിയതുമായ ഗുഡ്സ് ഷെഡ് റോഡിന്റെ നിലവിലെ അവസ്ഥ പരിതാപകരം. ആയിരക്കണക്കിന് സ്‌കൂൾ- കോളേജ് വിദ്യാർഥികൾ, റെയിൽവേ യാത്രക്കാർ, നഗരസഭയിലെ വിവിധ വാർഡുകളിലെ താമസക്കാർ എന്നിവർ നിത്യേന ആശ്രയിക്കുന്ന ഈ പാതയാണ് തകർന്ന് കിടക്കുന്നത്.
ഇവിടുത്തെ റോഡിലെ വലിയ കുഴികൾ കാരണം ഇരുചക്ര വാഹനയാത്രക്കാർ സ്ഥിരമായി അപകടത്തിൽപ്പെടുന്നതും പതിവാണ്. കാൽനടയാത്രക്കാർക്കുപോലും സുരക്ഷിതമായി നടക്കാൻ പറ്റാത്ത രീതിയിൽ റോഡ് തകർന്നു.
ഈ ദുരവസ്ഥ ശ്രദ്ധയിൽപ്പെടുത്തി വർഷങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും ബന്ധപ്പെട്ട വകുപ്പുകളിൽനിന്നും യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ല.റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ ജനപ്രതിനിധികൾ ഇടപെടണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.




