തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയുടെ തീരുമാനത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഓണം കഴിഞ്ഞയുടൻ ഉപസമിതി യോഗം ചേർന്ന് അന്തിമ തീരുമാനമെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ തീരുമാനമുണ്ടായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വ്യക്തമാക്കി.
ഓണം കഴിഞ്ഞതേയുള്ളൂവെന്നും ഉപസമിതിയുടെ റിപ്പോർട്ട് ഇപ്പോൾ തയ്യാറാക്കുന്ന ഘട്ടത്തിലാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ്, 2027 മാർച്ച് 31-നകം പിഎം ശ്രീ പദ്ധതിയുടെ നിലവിലെ കാലാവധി അവസാനിക്കും. അതിന് ശേഷം പദ്ധതി നീട്ടാൻ കേന്ദ്രം തയ്യാറായില്ലെങ്കിൽ കേരളത്തിന് പദ്ധതിയിൽ നിന്ന് പൂർണമായി പുറത്താകേണ്ടിവരും.
പദ്ധതിയിൽ നിന്ന് കേരളം പിന്മാറുകയോ പദ്ധതി കാലാവധി അവസാനിക്കുകയോ ചെയ്താൽ സമഗ്ര ശിക്ഷാ കേരളയ്ക്ക് (എസ്എസ്‌കെ) ലഭിക്കേണ്ട കേന്ദ്ര ഫണ്ട് ഉൾപ്പെടെ തടസ്സപ്പെടാനുള്ള സാഹചര്യമുണ്ടാകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാലും ശേഷിക്കുന്ന സമയത്തിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത് വലിയ വെല്ലുവിളിയാകും.
ഒരു ബ്ലോക്ക് റിസോഴ്‌സ് സെന്ററിന് (ബിആർസി) കീഴിൽ രണ്ട് സ്‌കൂളുകൾക്കാണ് പിഎം ശ്രീ പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളത്. യോഗ്യരായ സ്‌കൂളുകൾ പിഎം ശ്രീ പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കണം. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അപേക്ഷകൾ സ്വീകരിക്കുന്നതിനായി പോർട്ടൽ തുറക്കുന്നത്. പദ്ധതി നിലവിലെ അവസാന വർഷത്തിലേക്ക് കടന്ന സാഹചര്യത്തിൽ ഇനി പോർട്ടൽ എപ്പോൾ തുറക്കുമെന്ന കാര്യത്തിലും വ്യക്തതയില്ല.
അപേക്ഷകൾ ലഭിച്ചശേഷം ഉദ്യോഗസ്ഥ സമിതിയുടെ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ഓരോ ബിആർസിക്ക് കീഴിൽ നിന്ന് രണ്ട് സ്‌കൂളുകളെ തിരഞ്ഞെടുക്കുക. ഇതടക്കം നിരവധി ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കാനിരിക്കെയാണ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടും അന്തിമ തീരുമാനവും വൈകുന്നത്.












