Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാന്തപുരത്തെ തള്ളുന്ന വിഡി സതീശനും പിന്തുണയ്ക്കുന്ന KT ജലീലും; ഫാത്തിമ തഹ്ലിയയ്ക്ക് അഭിപ്രായം ഇല്ലേ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്ത്രീകളുടെ പൊതുരംഗത്തെ സാന്നിധ്യം സംബന്ധിച്ച് സമസ്ത കാന്തപുരം വിഭാഗം നേതാവ് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായി മാറിയിരിക്കുകയാണ്. സ്ത്രീകള്‍ പൊതുവേദികളില്‍ ഇറങ്ങുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും സ്ത്രീകള്‍ വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നുമുള്ള കാന്തപുരത്തിന്റെ പരാമര്‍ശങ്ങളാണ് വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കിയത്. സ്ത്രീകളെ പൊതുഇടങ്ങളിലും അന്യപുരുഷന്മാര്‍ക്കിടയിലും കൊണ്ടുവരരുതെന്ന നിര്‍ദേശവുമായി കാന്തപുരം വിഭാഗം നേരത്തെ പുറത്തിറക്കിയ സര്‍ക്കുലറിന് പിന്നാലെയായിരുന്നു പുതിയ പ്രസംഗവും. എന്നാല്‍, കാന്തപുരം വിഭാഗത്തിന്റെ വിശദീകരണം മറ്റൊരു തലത്തിലാണ്. പൊതുസമൂഹം എന്ത് പറയുമെന്ന് ഭയന്ന് ഇസ്ലാമികമായ കാര്യങ്ങള്‍ പറയാതിരിക്കാന്‍ ഒരു മതപണ്ഡിതന് കഴിയില്ല എന്നാണ് അവരുടെ നിലപാട്. ഇസ്ലാമിക വേഷവും പേരും സ്വീകരിച്ചുകൊണ്ട് ഇസ്ലാമിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കാണുമ്പോഴുള്ള വേദനയില്‍ നിന്നാണ് ഇത്തരം പരാമര്‍ശങ്ങള്‍ ഉണ്ടായതെന്നും അവര്‍ വിശദീകരിക്കുന്നു.

കാന്തപുരത്തിന്റെ പ്രസംഗം പൊതുസമൂഹത്തെ ലക്ഷ്യം വെച്ചുള്ളതല്ലെന്നും, മുസ്ലിം വിശ്വാസികള്‍ക്ക് മതപരമായ നിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഉദ്ദേശ്യമെന്നും അനുയായികള്‍ ചൂണ്ടിക്കാട്ടുന്നു. കാലഘട്ടത്തെയോ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങളെയോ ഭയന്ന് മതപരമായ നിലപാടുകള്‍ മറച്ചുവെച്ചാല്‍ ദൈവസന്നിധിയില്‍ ഉത്തരവാദിത്തമുണ്ടാകുമെന്നും അവര്‍ പറയുന്നു. മുസ്ലീം ലീ​ഗിനും മറ്റൊരു അഭിപ്രായമില്ല. പണ്ഡിതന്മാർ പറഞ്ഞതിൽ മറിച്ചൊരു അഭിപ്രായത്തിന് ഇല്ലെന്ന നിലപാടാണ് കെഎം ഷാജിക്കും എൻ ഷംസുദ്ദീനുമെല്ലാം. ഇസ്ലാമിൽ സ്ത്രീ സ്വാതന്ത്ര്യം എന്നതിനേക്കാൾ പ്രാധാന്യം സ്ത്രീസുരക്ഷയ്ക്കാണെന്നും അത് മുൻനിർത്തിയാണ് കാന്തപുരം പറയുന്നതെന്നുമാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിലപാട്. എന്നാൽ ഒരു വനിതാ എംഎൽഎയുള്ള പാർട്ടിയാണ് ഇപ്പോൾ മുസ്ലീം ലീ​ഗ്. ഫാത്തിമ തഹ്ലിയയേയും നജ്മ തബ്ഷീറയേയും പോലുള്ള മികച്ച വനിതാ നേതാക്കൾ അടങ്ങുന്ന, പുരോ​ഗമന ആശയങ്ങളോട് അടുക്കാൻ ശ്രമിക്കുന്ന ഒരു പാർട്ടിയെന്ന ലേബലാണ് ഇപ്പോൾ ലീ​ഗിന്. അതിനാൽ കാന്തപുരത്തിന്റെ ഇത്രയും പ്രാകൃതമായ അഭിപ്രായത്തെ പരസ്യമായി തള്ളിപ്പറയാനുള്ള ആർജവം ഫാത്തിമ തഹ്ലിയ അടക്കമുള്ള ലീ​ഗിലെ വനിതാ നേതാക്കൾക്കുണ്ടോ എന്നതാണ് ചോദ്യം.

മുഖ്യമന്ത്രി വിഡി സതീശൻ എന്തായാലും കാന്തപുരത്തെ തള്ളിപ്പറഞ്ഞിട്ടുണ്ട്. സ്ത്രീകൾ വീടുകളിൽ ഇരിക്കേണ്ടവരല്ല എന്നതാണ് മുഖ്യമന്ത്രിയുടേയും കോൺ​ഗ്രസിന്റേയും നിലപാട്. 19-ാം നൂറ്റാണ്ടിൽ പറയേണ്ടതാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നതെന്ന് പറയുന്ന മുഖ്യമന്ത്രി ഇസ്ലാമിലെ സ്ത്രീകളുടെ ചരിത്രവും ഓർമിപ്പിക്കുന്നുണ്ട്. സ്ത്രീകൾ യുദ്ധത്തിന് വരെ പോയ പാരമ്പര്യമാണ് മുഖ്യമന്ത്രി എടുത്ത് പറഞ്ഞത്. ഇങ്ങനെ സകലരും കാന്തപുരത്തെ എതിർക്കുന്നതിനിടെ ഏവരേയും അമ്പരപ്പിച്ച ശ്രദ്ധേയമായൊരു അഭിപ്രായപ്രകടനം വന്നത് സിപിഎം നേതാവ് കെടി ജലീലിന്റേതായാണ്. കാന്തപുരം ഒരു മതപണ്ഡിതനാണെന്നും അദ്ദേഹം മതശാസനകളുമായി ബന്ധപ്പെട്ടാണ് സംസാരിക്കുകയെന്നും മതപണ്ഡിതരുടെ സ്വാതന്ത്ര്യത്തെ ആർക്കും നിഷേധിക്കാനാവില്ലെന്നുമുള്ള ജലീലിന്റെ പ്രതികരണം ഒരുപക്ഷേ രാഷ്ട്രീയ കേരളം പ്രതീക്ഷിച്ചിരുന്നതല്ല.

അതേസമയം, ഈ വിശദീകരണം തന്നെ പുതിയ ചര്‍ച്ചകള്‍ക്കും വഴിതുറക്കുകയാണ്. ഒരു മതപണ്ഡിതന് തന്റെ മതവിശ്വാസികള്‍ക്ക് മതപരമായ നിര്‍ദേശങ്ങള്‍ നല്‍കാനുള്ള അവകാശം അംഗീകരിക്കുമ്പോഴും, അത്തരം നിര്‍ദേശങ്ങള്‍ ഖുര്‍ആന്റെയും പ്രവാചകചര്യയുടെയും സമഗ്രമായ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്.

സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നും അതുകൊണ്ടാണ് ഇസ്ലാം പര്‍ദ്ദ നിര്‍ദേശിച്ചതെന്നും അദ്ദേഹം ഉറപ്പിച്ച് പറയുന്നു. സ്ത്രീകള്‍ പൊതുവേദിയില്‍ ഇറങ്ങരുതെന്ന നിലപാടില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായും, ഇതിനെ ചോദ്യം ചെയ്യുന്നവരെ ഭയന്ന് പിന്നോട്ടുപോകില്ലെന്നും കാന്തപുരം പറയുമ്പോൾ, ഭൂരിഭാ​ഗം മുസ്ലീം സംഘടനകളും അതിനെ പിന്തുണയ്ക്കുന്നു എന്നത് കാണാതെ പോകരുത്.

സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന നിലപാട് ഇന്നത്തെ പൊതുസമൂഹത്തിന് അംഗീകരിക്കാനാകില്ലെന്ന് വനിതാ ശിശുവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. ഇസ്ലാമില്‍ സ്ത്രീയുടെ സ്ഥാനം: ‘വീട്ടിനുള്ളില്‍ മാത്രം’ എന്നതിലൊതുങ്ങുന്നതാണോ? ഇവിടെയാണ് ഇസ്ലാമിക പ്രമാണങ്ങളെക്കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ച പ്രസക്തമാകുന്നത്. നന്മ കല്‍പ്പിക്കുകയും തിന്മ വിലക്കുകയും ചെയ്യുന്നതില്‍ പുരുഷനും സ്ത്രീയും ഒരുപോലെ പങ്കാളികളാണെന്ന് സൂറത്ത് അത്തൗബ 9:71 വ്യക്തമാക്കുന്നു. അതായത്, ഇസ്ലാമിക സമൂഹത്തിലെ ധാര്‍മിക ഉത്തരവാദിത്തം പുരുഷന്മാര്‍ക്ക് മാത്രം നല്‍കിയിട്ടുള്ളതല്ല. നന്മ പ്രോത്സാഹിപ്പിക്കാനും തിന്മക്കെതിരെ നിലകൊള്ളാനും സ്ത്രീക്കും ഉത്തരവാദിത്തമുണ്ട് എന്നാണ് ഈ വചനത്തിന്റെ അടിസ്ഥാന സന്ദേശം.

അതേസമയം, ഇസ്ലാമിക വസ്ത്രധാരണം, പുരുഷ-സ്ത്രീ ഇടപെടലിലെ പരിധികള്‍, കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങള്‍, പൊതുസ്ഥലങ്ങളിലെ പെരുമാറ്റച്ചട്ടങ്ങള്‍ തുടങ്ങിയവയും ഇസ്ലാമിക പാരമ്പര്യത്തിന്റെ ഭാഗമാണ്. അതിനാല്‍ യഥാര്‍ത്ഥ ചര്‍ച്ച ”സ്ത്രീ പുറത്തിറങ്ങണോ പുറത്തിറങ്ങരുതോ?” എന്ന രണ്ടുവാക്കുകളിലേക്ക് ചുരുക്കുന്നതിനു പകരം, ”ഇസ്ലാം സ്ത്രീയുടെ പൊതുസാന്നിധ്യത്തിന് എന്ത് പരിധികളാണ് നിശ്ചയിക്കുന്നത്, ആ പരിധികളുടെ ലക്ഷ്യം എന്താണ്?” എന്നതാകേണ്ടതുണ്ട്. മതവിശ്വാസികള്‍ക്ക് മതത്തിന്റെ നിര്‍ദേശങ്ങള്‍ കേള്‍ക്കാനുള്ള അവകാശമുണ്ടെന്നതുപോലെ, ആ നിര്‍ദേശങ്ങളുടെ പ്രമാണവും വ്യാഖ്യാനവും ചോദ്യം ചെയ്യാനുള്ള ബൗദ്ധിക അവകാശവും സമൂഹത്തിനുണ്ട്. അതേസമയം, മതപരമായ നിലപാടുകളെ വിമര്‍ശിക്കുമ്പോള്‍ അവയുടെ യഥാര്‍ത്ഥ പശ്ചാത്തലം മനസ്സിലാക്കാനുള്ള ഉത്തരവാദിത്തവും വിമര്‍ശകര്‍ക്കുണ്ട്. ഇതിനിടയിലാണ് കാന്തപുരത്തിന്റെ പരാമര്‍ശം കേരളത്തില്‍ പുതിയൊരു വലിയ സാമൂഹിക-മത ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer