തൃശ്ശൂർ: കുന്നംകുളം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവനകൾ വളച്ചൊടിച്ച് അദ്ദേഹത്തെ വർഗീയവാദിയായി ചിത്രീകരിക്കുകയും ഈഴവ സമുദായത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്ന ചില ദൃശ്യ മാധ്യമങ്ങളുടെ ശ്രമങ്ങൾക്കെതിരെ കുന്നംകുളം യൂണിയന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. നഗരത്തെ പ്രകമ്പനം കൊള്ളിച്ച പ്രകടനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.
യൂത്ത് കോൺഗ്രസ് നേതാവിന്റെ ഭാഗത്ത് നിന്നുണ്ടായതായി പറയുന്ന, ആരാധ്യനായ വെള്ളാപ്പള്ളി നടേശൻക്കെതിരെ കരിഓയിൽ ഒഴിക്കാനുള്ള ആഹ്വാനവും അതിന് പാരിതോഷികം പ്രഖ്യാപിച്ചതുമെല്ലാം കേരള പ്രദേശ കോൺഗ്രസ്സ് കമ്മിറ്റിയുടെ അറിവോടെയാണോയെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കേരള ജനസംഖ്യയിൽ ഏകദേശം 27 ശതമാനം വരുന്ന ഈഴവ സമുദായത്തിന്റെ താങ്ങും തണലുമായി നിലകൊള്ളുന്ന നേതാവിനെ അപമാനിച്ചാൽ സമുദായം നിശ്ശബ്ദമായി നിൽക്കില്ലെന്നും, ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള ആഹ്വാനങ്ങൾ നിയന്ത്രിക്കാത്ത പക്ഷം ശക്തമായ പ്രതികരണം ഉണ്ടാകുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
പ്രതിഷേധ യോഗത്തിൽ യൂണിയൻ സെക്രട്ടറി പി.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. യൂത്ത് മൂവ്മെന്റ് ജില്ലാ വൈസ് ചെയർമാൻ കെ.ആർ. രജിൽ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ പ്രസിഡന്റ് കെ.എം. സുകുമാരൻ, ഡയറക്ടർ ബോർഡ് അംഗം ചന്ദ്രൻ കിളിയംപറമ്പിൽ, ഇ.വി. ശങ്കരനാരായണൻ, പ്രമിത് ദേവദാസ്, പത്മജ മോഹനൻ, ദിനേശ് എം.ബി, അഭിഷേക്, സുനിൽകുമാർ, രാമചന്ദ്രൻ, ലോഹിതാക്ഷൻ, കൗൺസിലർമാരായ അനിൽ മൂത്തേടത്ത്, ഗോപിനാഥ്, കെ.കെ. ബിജു, സി.കെ. ശശി, പരമേശ്വരൻ എന്നിവർ സംസാരിച്ചു.




