കോട്ടയം: ജില്ലയുടെ കിഴക്കൻ മേഖലയായ ആയ മുണ്ടക്കയത്തു ജനങ്ങളുടെ ഏറെനാളത്തെ സഞ്ചാര ക്ലേശത്തിന് പരിഹാരമായി മുണ്ടക്കയം,കരിനിലം,കുഴിമാവ് റോഡിന്റെ ടാറിങ് പൂർത്തിയായി. എങ്കിലും അപകട സാധ്യത ഏറെ. അഞ്ചരമീറ്റർ വീതി ഉണ്ടായിരുന്ന റോഡിന് ഇപ്പോൾ വീതി മൂന്നര മീറ്ററായി കുറഞ്ഞു. ഇതുമൂലം ചില ഇടങ്ങളിൽ വൈദ്യുതത്തൂണുകൾ റോഡിലേക്ക് ഇറങ്ങി നിൽക്കുന്നു.
റോഡ് വീതി കുറച്ചു ടാർ ചെയ്തതിനാൽ റോഡിന്റെ വശങ്ങൾ തിട്ട പോലെ നിൽക്കുന്നത് രണ്ട് വാഹനങ്ങൾ സൈഡ് കൊടുക്കുമ്പോൾ അപകടത്തിന് ഇടയാകും. 2018-ൽ ഗ്രാമീണ റോഡായി നിർമിച്ച പാത ഇപ്പോൾ ശബരിമല തീർഥാടകർക്കുള്ള എളുപ്പവഴിയാണ്. മുണ്ടക്കയം കോരുത്തോട് പാതയ്ക്ക് സമാന്തര പാതയായും ഇത് ഉപയോഗിക്കാം.
ശബരിമല തീർഥാടകരൂടെ വാഹനങ്ങൾ ഇതുവഴി വൺവേ ആയി തിരിച്ചുവിട്ടാൽ കോരുത്തോട് പാതയിലെ ട്രാഫിക് കുരുക്ക് ഒഴിവാക്കുവാനാകും. 2018-ൽ പൊതുമരാമത്ത് വകുപ്പിൽനിന്നും ഒരുകോടി രൂപ അനുവദിച്ചു നിർമാണം ആരംഭിച്ചെങ്കിലും കരാറുകാരൻ ടെൻഡർ തുക കുറവാണെന്ന കാരണത്താൽ നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു.
അതിന് ശേഷം ഒന്നര വർഷക്കാലം നീണ്ട നാട്ടുകാരുടെ സമരത്തിന്റെ ഫലമായി 2019-ലെ എസ്റ്റിമേറ്റിൽ അവശേഷിക്കുന്ന തുകയിൽ വർധന വരുത്തി പണി പൂർത്തീകരിച്ചെങ്കിലും ഈ റോഡിന് ഒട്ടേറെ അപകട സാധ്യതകൾ ഉണ്ടെന്നു നാട്ടുകാർ പറയുന്നു.



