പാലക്കാട്: ആലത്തൂർ ദേശീയപാത ആലത്തൂർ സ്വാതി ജങ്ഷനിൽ അടിപ്പാത നിർമാണത്തിനായി ഏർപ്പെടുത്തിയ ക്രമീകരണങ്ങൾ യാത്രക്കാരെ വലയ്ക്കുന്നു. ആലത്തൂർ പട്ടണത്തിൽനിന്നും പെരുങ്കുളം ഭാഗത്തുനിന്നും ദേശീയപാത മുറിച്ചുകടക്കാനാവില്ല. ആലത്തൂർ പട്ടണത്തിൽനിന്നുവരുന്ന വാഹനങ്ങൾ ഇടതുവശത്തേക്കുതിരിഞ്ഞ് ദേശീയപാതയിലൂടെ പോവുകയും ബ്ലോക്കോഫീസിന് സമീപം സർവീസ് പാതയിലേക്ക് താത്കാലികമായി ഉണ്ടാക്കിയ വഴിയിലൂടെ ഇറങ്ങി കിണ്ടിമുക്ക് മേൽപ്പാലത്തിന് അടിയിലൂടെ സ്വാതി ജംഗ്ഷൻ ഭാഗത്തേക്ക് തിരിച്ചുവരികയും വേണം.
സ്വാതി ജംഗ്ഷനിലേക്ക് സർവീസ് റോഡിലൂടെ ദേശീയപാതയിലേക്ക് പ്രവേശിച്ചാണ് വരേണ്ടത്. സ്വാതി ജംഗ്ഷനിൽനിന്ന് കിണ്ടിമുക്കിലേക്കും കിണ്ടിമുക്കിൽനിന്ന് സ്വാതി ജംഗ്ഷനിലേക്കുമുള്ള സർവീസ് റോഡിന്റെ പണി പൂർത്തിയാക്കാതെ, അടിപ്പാതയ്ക്കായി സ്പീഡ് ട്രാക്ക് പൊളിച്ചു തുടങ്ങിയതാണ് പ്രശ്നം. ഗാന്ധി ജംഗ്ഷൻ, കാട്ടുശ്ശേരി, പെരുങ്കുളം, പുതിയങ്കം ഭാഗത്തുനിന്നുള്ളവർക്കും ദേശീയപാത മുറിച്ചുകടക്കാനാവില്ല.
സ്വാതി ജംഗ്ഷനിലെത്തി വാനൂർ ഭാഗത്തേക്കുപോയശേഷം യൂടേണെടുത്ത് വരണം. ഗാന്ധി ജംഗ്ഷനിൽ വലിയ വാഹനങ്ങൾ ദേശീയപാതയിലേക്ക് തിരിഞ്ഞുപോകാൻ വഴിയിൽ തടസ്സം വെച്ചിട്ടുണ്ടെങ്കിലും സർവീസ് റോഡിലെത്തിയാൽ യാത്ര ദുർഘടമാകും.
വാനൂരിൽനിന്ന് സ്വാതി ജംഗ്ഷനിലേക്ക് ഇരുവശത്തും സർവീസ് റോഡ് ഭാഗികമായി ടാർ ചെയ്തു. ടാറിങ് ഉറയ്ക്കുന്നതോടെ ഇതുവഴി ഗതാഗതം തിരിച്ചുവിടും. ഗതാഗതത്തിരക്കുള്ള പാതയിൽ അനിവാര്യമായ നിർമാണം നടത്തുമ്പോഴുണ്ടാകുന്ന സ്വാഭാവിക ബുദ്ധിമുട്ടാണ് ഇപ്പോഴുള്ളതെന്നും പരമാവധി പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കരാർകമ്പനി അധികൃതർ വ്യക്തമാക്കി.






