കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ മണ്ഡലം പിടിച്ചെടുക്കാൻ ബൃഹത്തായ ടൂറിസം വികസന പദ്ധതിയുമായി കേന്ദ്ര സർക്കാർ. മണ്ഡലത്തിലെ വിനോദസഞ്ചാര- തീർത്ഥാടന മേഖലകളെ കോർത്തിണക്കി കോടിക്കണക്കിന് രൂപയുടെ വികസന പാക്കേജാണ് അണിയറയിൽ ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പാലായുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പാലായുടെ കിഴക്കൻ മേഖലയിലെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രകൃതിരമണീയമായ ഇല്ലിക്കൽ കല്ല്, ഇലവീഴാപൂഞ്ചിറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളെയും, പ്രശസ്ത തീർത്ഥാടന കേന്ദ്രങ്ങളായ രാമപുരം, പാലാ, ഭരണങ്ങാനം, അരുവിത്തുറ തുടങ്ങിയ സ്ഥലങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള വിപുലമായ സർക്യൂട്ടാണ് വിഭാവനം ചെയ്യുന്നത്. നിലവിൽ ഏറെ വികസന സാധ്യതകളുണ്ടായിട്ടും അവഗണിക്കപ്പെട്ടു കിടക്കുന്ന ഈ മേഖലകളിൽ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ എത്തിക്കുകയാണ് ലക്ഷ്യം.
തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുന്നോടിയായി തന്നെ പദ്ധതി പ്രഖ്യാപിക്കാനാണ് കേന്ദ്ര നീക്കം. പാലായിൽ എൻ.ഡി.എ സ്ഥാനാർത്ഥിയായി ഷോൺ ജോർജ് മത്സരിക്കുമെന്ന പ്രചാരണം ശക്തമായ പശ്ചാത്തലത്തിൽ, ഈ വികസന പാക്കേജ് രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴിവെക്കും. വികസന മുരടിപ്പ് ചൂണ്ടിക്കാട്ടി, കേന്ദ്ര പദ്ധതികൾ ഉയർത്തിക്കാട്ടി വോട്ട് തേടാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. പദ്ധതി പ്രഖ്യാപനം ഉണ്ടായാൽ അത് മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കും.










