കോട്ടയം: മുണ്ടക്കയത്തിനടുത്തു പഞ്ചവയൽ പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കപ്പ, പച്ചക്കറി കൃഷികൾ തുടർച്ചയായി നശിപ്പിക്കപ്പെടുന്നതോടെ കർഷകർ ദുരിതത്തിലായി. വേലി കെട്ടി സംരക്ഷിച്ചിട്ടും വിളകൾ നശിക്കുന്നതോടെ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണു ഇവിടുത്തെ കർഷകർ.
കാട്ടുപന്നിക്കൊപ്പം മറ്റ് ചെറു ജീവികളും പ്രദേശത്തെ കൃഷിയിടത്തിൽ നാശം വിതയ്ക്കുന്നുണ്ട്. കഴിഞ്ഞദിവസം കല്ലുക്കുന്നേൽ കെ.കെ.സദാശിവന്റെ കൃഷി ഭൂമിയിലെത്തിയ കാട്ടുപന്നികൾ കൃഷി ചെയ്ത പയർ തൈകൾ പൂർണമായും കുത്തി നശിപ്പിച്ചു. ഇത്തരത്തിൽ പാക്കാനം, ഇഞ്ചക്കുഴി, തുടങ്ങിയ മേഖലയിൽ നിന്നും പറയാനുള്ളത് നിരവധി കർഷകരുടെ ദുരിത കഥകളാണ്.
ഇവിടെയുള്ള കർഷകർ സാധാരണ വേലികൾ കെട്ടി സംരക്ഷിച്ചിട്ടും അവ തകർത്ത് കാട്ടുപന്നി കൂട്ടം അകത്ത് കടക്കുകയാണെന്നു പറയുന്നു. കൃഷി ചെയ്ത നിലം കുത്തി മറിക്കുന്നതിനൊപ്പം ഭക്ഷ്യയോഗ്യമായ വിളകൾ ലഭിച്ചില്ലെങ്കിൽ എല്ലാ കൃഷികളും നശിപ്പിച്ചാണ് പന്നികൾ മടങ്ങുന്നത്. വനത്തിൽ നിന്നാണ് ഈ മേഖലയിൽ പന്നികൾ കൂടുതലായി എത്തുന്നത്.






