തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ കീഴിലുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിൽ ഭക്തരിൽ നിന്ന് അനധികൃതമായി പണം ഈടാക്കുന്നുവെന്ന പരാതിയെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ ഇടപെട്ട് പണപ്പിരിവ് തടഞ്ഞു. കിഴക്കേ നടയിലെ നഗരസഭാ പാർക്കിംഗ് ഗ്രൗണ്ടിലാണ് നഗരസഭ നൽകിയ കരാറിന്റെ മറവിൽ വൻതോതിൽ അനധികൃത പണപ്പിരിവ് നടന്നിരുന്നതായി ആരോപണം.
ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ ഗുരുവായൂരിലേക്ക് എത്തുന്ന അയ്യപ്പഭക്തരുടെ വാഹനങ്ങളെയാണ് ലക്ഷ്യമിട്ടിരുന്നത്. 40 രൂപയുടെ നഗരസഭാ രസീത് നൽകിയ ശേഷം വാഹന ഉടമകളിൽ നിന്ന് 100 മുതൽ 200 രൂപ വരെ അധികമായി ഈടാക്കിയിരുന്നതായാണ് വിവരം. ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ എത്തുന്ന സീസണിൽ ഭക്തരെ ചൂഷണം ചെയ്യുന്ന രീതിയാണ് കരാറെടുത്തവർ പിന്തുടർന്നിരുന്നതെന്ന് ആരോപണമുണ്ട്.
വിവരമറിഞ്ഞെത്തിയ ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അനിൽ മഞ്ചറമ്പത്ത്, ക്ഷേത്രം വാർഡ് കൗൺസിലർ ശോഭ ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവർത്തകർ പാർക്കിംഗ് ഗ്രൗണ്ടിലെത്തി പണപ്പിരിവ് തടഞ്ഞു. നഗരസഭ നിശ്ചയിച്ച നിരക്കിൽ കൂടുതൽ പണം ഈടാക്കുന്നത് അനുവദിക്കില്ലെന്ന് പ്രവർത്തകർ വ്യക്തമാക്കി. നടന്നത് പകൽക്കൊള്ളയാണെന്നും ബിജെപി ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും നഗരസഭാ സെക്രട്ടറി എച്ച്. അഭിലാഷുമായി ചർച്ച നടത്തി. നഗരസഭ കരാർ നൽകിയിട്ടുള്ള എല്ലാ പാർക്കിംഗ് ഗ്രൗണ്ടുകളിലും കൃത്യമായ വാഹന ഫീസ് നിരക്കുകൾ വ്യക്തമാക്കുന്ന ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നും ഭക്തരിൽ നിന്ന് അമിത തുക ഈടാക്കുന്നത് കർശനമായി തടയുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.
ശബരിമല മണ്ഡലകാലം പ്രമാണിച്ച് തിരക്ക് വർധിച്ച സാഹചര്യത്തിൽ ഇത്തരം ചൂഷണങ്ങൾ തുടരുന്നത് ഭക്തർക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുവെന്നാണ് പരാതി. നഗരസഭയുടെ ഭാഗത്തുനിന്നുള്ള കൃത്യമായ നിരീക്ഷണത്തിന്റെ അഭാവമാണ് ഇത്തരം പ്രവണതകൾക്ക് കാരണമാകുന്നതെന്നും ആക്ഷേപമുണ്ട്.






