മലപ്പുറം: ചെല്ലൂർ ചിങ്കിളി ബസാർ ശിവക്ഷേത്രത്തിലെ പൂജാരിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമനാട്ടുകര പുതുകുളങ്ങര മേലേതിൽ സുമേഷ് ആണ് മരിച്ചത്.
കുടുംബസമേതം ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന സുമേഷ്, വീട്ടിൽ വെള്ളമില്ലാത്തതിനാൽ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായാണ് വിവരം. നീന്തൽ അറിയാത്തയാളായിരുന്നു സുമേഷ്.
ദീർഘസമയം ക്ഷേത്രത്തിൽ എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുളക്കരയിൽ സോപ്പും തോർത്തും കണ്ടതോടെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് അഗ്‌നിശമനസേന സ്ഥലത്തെത്തി മൃതദേഹം കുളത്തിൽ നിന്ന് പുറത്തെടുത്തു. കുളത്തിലേക്ക് ഇറങ്ങുന്നതിനിടെ നെറ്റി മതിലിൽ ഇടിച്ച് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.







