മലപ്പുറം: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (KATF) മലപ്പുറം ജില്ലാ സമ്മേളനം 2026 ജനുവരി 17-ന് ചെമ്മാട് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. അറബി ഭാഷയുടെ അക്കാദമിക വളർച്ചയും അധ്യാപക സമൂഹത്തിന്റെ തൊഴിൽ– അവകാശ സംരക്ഷണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കെ.എ.ടി.എഫ്, കേരളത്തിലെ അറബിക് അധ്യാപകരുടെ ഏറ്റവും ശക്തമായ സംഘടനകളിലൊന്നാണ്.
പൊതുവിദ്യാഭ്യാസ രംഗത്ത് അറബി ഭാഷയുടെ പ്രാധാന്യം ഉയർത്തിപ്പിടിക്കുന്നതോടൊപ്പം, പാഠ്യപദ്ധതി പരിഷ്കാരങ്ങൾ, നിയമന–പ്രമോഷൻ വിഷയങ്ങൾ, തൊഴിൽ സുരക്ഷ, ഭാഷാ പഠനത്തിന്റെ നവീകരണം എന്നിവയിൽ സംഘടന സജീവ ഇടപെടലുകൾ നടത്തിവരുന്നു.സമ്മേളനത്തിന്റെ ഭാഗമായി ഉദ്ഘാടന സമ്മേളനം, ഭാഷാ സമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, കൗൺസിൽ മീറ്റ്, യാത്രയയപ്പ് സമ്മേളനം, സമാപന സമ്മേളനം എന്നിവ സംഘടിപ്പിക്കും. വിവിധ സെഷനുകളിൽ പി.എം.എ. സലാം, കെ.പി.എ. മജീദ് എം.എൽ.എ, അബ്ദുൽ ഹമീദ് എം.എൽ.എ, പി.കെ. അബ്ദുറബ്ബ് എന്നിവരോടൊപ്പം മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ–സാംസ്കാരിക നേതാക്കളും പങ്കെടുക്കും.
അറബി ഭാഷ കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെയും വിദ്യാഭ്യാസ ചരിത്രത്തിന്റെയും അവിഭാജ്യ ഘടകമാണെന്നും, മത–സാംസ്കാരിക മൂല്യങ്ങളോടൊപ്പം തൊഴിൽ സാധ്യതകളും ആഗോള ബന്ധങ്ങളും തുറക്കുന്ന ഭാഷയെന്ന നിലയിൽ അറബിക്ക് പുതുകാലത്ത് കൂടുതൽ പ്രാധാന്യമുണ്ടെന്നും സമ്മേളനം ചൂണ്ടിക്കാട്ടും. അധ്യാപക പരിശീലനം, പഠനോപകരണങ്ങളുടെ നവീകരണം, വിദ്യാർത്ഥികളിൽ ഭാഷാപ്രതിഭ വളർത്തൽ എന്നിവയിൽ സമഗ്ര ചർച്ചകൾ നടക്കും.
അറബി അധ്യാപകരുടെയും ഭാഷാപ്രേമികളുടെയും വിശാല പങ്കാളിത്തത്തോടെ നടക്കുന്ന മലപ്പുറം ജില്ലാ സമ്മേളനം, അറബി ഭാഷയുടെ ഭാവിയും അധ്യാപക സമൂഹത്തിന്റെ ശക്തമായ ഐക്യവും പ്രഖ്യാപിക്കുന്ന വേദിയാവുമെന്ന് സംഘാടകർ അറിയിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് മുനീർ താനാളൂർ , വിദ്യാഭ്യാസ ജില്ല സെക്രട്ടറി മുജീബ് ചുള്ളിപ്പാറ, പ്രസിഡണ്ട് മുസ്തഫ മാസ്റ്റർ കോഴിച്ചെന, മുജാഹിദ് പനക്കൽ, അബ്ദുൽ വാഹിദ് മൊറയൂർ, എം.പി. ഷറഫുദ്ധീൻ ഹസ്സൻ, എന്നിവർ പങ്കെടുത്തു.






