പാലക്കാട്: വടക്കഞ്ചേരിവില്ലേജ് അധികൃതരുടെ വിലക്ക് ലംഘിച്ച് വടക്കഞ്ചേരി പഞ്ചായത്തിലെ മലയോര മേഖലകളിൽ കുന്നിടിക്കലും മണ്ണെടുപ്പും വ്യാപകമാകുന്നു. 2024-ൽ വില്ലേജ് അധികൃതർ പരിശോധന നടത്തി സ്റ്റോപ്പ് മെമ്മോ നൽകിയ കാളാംകുളം മുണ്ടറോട്ടുകുളമ്പിലാണ് ഇപ്പോൾ വീണ്ടും അനധികൃതമായി കുന്നിടിച്ച് സ്ഥലം നികത്തുന്നത് നടക്കുന്നത്.
പ്രധാനമായും അവധി ദിവസങ്ങൾ നോക്കിയാണ് കുന്നിടിക്കൽ നടക്കുന്നത്. ഇവിടെയുള്ള പഴയ വെള്ളച്ചാലുകളും നികത്തുന്നതായി നാട്ടുകാർ ആരോപിക്കുന്നു. ഇത് മഴക്കാലത്ത് മണ്ണും കല്ലും കുത്തിയൊഴുകി സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാനും വലിയ പാരിസ്ഥിതിക ആഘാതത്തിനും കാരണമാകും. സംഭവത്തിൽ പ്രദേശവാസികൾ പോലീസ്, പഞ്ചായത്ത്, വില്ലേജ് അധികൃതർ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്.
രണ്ടാഴ്ച മുൻപ് കാളാംകുളത്ത് വടക്കഞ്ചേരി-1 വില്ലേജ് ഓഫീസർ ടി. എസ്. ശ്രീകല, സ്പെഷൽ വില്ലേജ് ഓഫീസർ എസ്. ഗ്രീഷ്‌മ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2 ഏക്കറോളം സ്ഥലത്ത് പാറഖനനം കണ്ടെത്തിയിരുന്നു. തുടർന്ന് സ്ഥലുടമയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകുകയും തഹസിൽദാർക്കും ജിയോളജി വകുപ്പിനും റിപ്പോർട്ട് കൈമാറുകയും ചെയ്തു. ഇതിനിടയിലാണ് ഇപ്പോൾ വീണ്ടും അനധികൃത മണ്ണെടുപ്പ് സജീവമായിരിക്കുന്നത്.
തേനിടുക്ക്, പന്നിയങ്കര, ചുവട്ടുപാടം, പൊത്തപ്പാറ, നീലിപ്പാറ ഭാഗങ്ങളിലും മലയിടിച്ച് വൻതോതിൽ മണ്ണും കല്ലും കടത്തുന്നുണ്ട്. പന്നിയങ്കര വാവുമലയ്ക്ക് സമീപം മൂന്നര ഏക്കർ സ്ഥലത്തുനിന്ന് മണ്ണെടുക്കാൻ അനുമതി തേടിയതിന്റെ മറവിൽ, പ്രദേശത്തെ മുഴുവൻ സ്ഥലത്തുനിന്നും പാറപൊട്ടിക്കലും മണ്ണ് കടത്തലും നടത്തിയതായി ആക്ഷേപമുണ്ട്. ജിയോളജി വകുപ്പിന്റെ അനുമതി ഇല്ലാതെ രാത്രിയുടെ മറവിലാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. അടിയന്തരമായി സ്ഥലപരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം






