സംസ്ഥാനത്തെ യുവതീ യുവാക്കളെ തൊഴിൽവിപണിയിലേക്ക് കൂടുതൽ ശക്തമായി ഒരുക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കി വരുന്ന മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി വലിയ പ്രാധാന്യമുള്ള ഒരു ഇടപെടലായി മാറുകയാണ്. നൈപുണ്യ പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്കും വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും പ്രതിമാസം ആയിരം രൂപ സാമ്പത്തിക സഹായം നൽകുന്ന ഈ പദ്ധതിയുടെ ആനുകൂല്യം കൂടുതൽ പേരിലേക്കെത്തിക്കുന്നതിനായുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
ഇതിന്റെ ഭാഗമായി കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും അഞ്ച് ലക്ഷം രൂപയായി ഉയർത്തിയിരിക്കുകയാണ്. ഇതിലൂടെ സാമ്പത്തിക പരിമിതികൾ മൂലം അവസരങ്ങൾ നഷ്ടപ്പെട്ടിരുന്ന നിരവധി യുവാക്കൾക്ക് പഠനത്തിലും തൊഴിൽ തയ്യാറെടുപ്പിലും പുതിയ പ്രതീക്ഷകൾ തുറന്നിരിക്കുകയാണ്.
കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിനു ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, യു പി എസ് സി, പി എസ് സി, എസ് എസ് ബി, ആർ ആർ ബി തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം.




