കോഴിക്കോട്: പുതുതായി നിർമ്മിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രി ബഹുനിലക്കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 23 കോടി രൂപ ഉപയോഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. കെട്ടിടത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും.
പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ അത്യാഹിതവിഭാഗം, എക്സാമിനേഷൻ മുറി, മൈനർ ഒ.ടി, റിക്കവറി, ഡ്രസ്സിങ് ഇഞ്ചക്‌ഷൻ മുറി, ജനറൽ ഒ.പി, പിഎംആർ ഒ.പി, പരിശോധനാമുറി, മെഡിക്കൽ റെക്കോഡ്‌സ് മുറി, ജനറൽ സർജറി ഒപി, പോലീസ് കിയോസ്ക്, ശൗചാലയം എന്നീ സൗകര്യങ്ങളും ഒന്നാം നിലയിൽ ഗൈനക് ഒ.പി, ഡോക്ടർമാർ, നഴ്‌സുമാർ എന്നിവർക്കുള്ള വിശ്രമ മുറി, എൻഐസിയു, പോസ്റ്റ് ഒപി ഐസിയു, മൂന്നാം നിലയിൽ ജനറൽ സർജറി, ഓർത്തോ എന്നിവയുടെ സ്ത്രീ-പുരുഷ വാർഡുകൾ, നഴ്‌സ് റൂം, ശൗചാലയം എന്നിവയുമുണ്ട്. വെർട്ടിക്കൽ ബ്ലോക്കിന്റെ ഒന്നാം നിലയിൽ അഡ്‌മിനിസ്ട്രേഷൻ വിഭാഗം, പീഡിയാട്രിക് വാർഡ്, ഐസൊലേഷൻ വാർഡ്, ലാബുകൾ തുടങ്ങി എല്ലാ സൗകര്യവും പുതിയ കെട്ടിടത്തിലുണ്ടാവും.
താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിയുന്നതോടെ ബാലുശ്ശേരി, ഉണ്ണികുളം, പനങ്ങാട്, നന്മണ്ട, കൂരാച്ചുണ്ട്, കോട്ടൂർ, ചേളന്നൂർ പഞ്ചായത്തുകളിലെ സാധാരണക്കാരായ രോഗികൾക്ക് ഏറെ ഗുണമാകും. കെട്ടിടോദ്ഘാടനത്തോടൊപ്പം ആശുപത്രിയിലേക്കാവശ്യമായ ഡോക്ടർമാർ, മറ്റുജീവനക്കാർ എന്നിവരുടെ ഒഴിവുകൾ നികത്തപ്പെടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ആശുപത്രിയിലെ പഴയ കെട്ടിടത്തിന്റെ നവീകരണത്തിനായി കെ.എം. സച്ചിൻദേവ് എംഎൽഎയുടെ ഫണ്ടിൽനിന്ന് ഒരുകോടി രൂപകൂടി അനുവദിച്ചിട്ടുണ്ട്. ഈ കെട്ടിടംകൂടി നവീകരിക്കുന്നതോടെ താലൂക്ക് ആശുപത്രിയുടെ മുഖച്ഛായ മാറും. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ മേൽനോട്ടത്തിലാണ് ആശുപത്രിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്.






