കോട്ടയം: വൈക്കം മുനിസിപ്പാലിറ്റി പല ഇടങ്ങളിൽ സ്ഥാപിച്ച സഞ്ചരിക്കുന്ന ശൗചാലയങ്ങൾ സാമൂഹിക വിരുദ്ധർ തകർത്തു. അന്ധകാരത്തോടിന് സമീപം കായലോര ബീച്ച് എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. നീണ്ടനാളത്തെ ജനങ്ങളുടെ ആവശ്യമായിരുന്നു വൈക്കം മുനിസിപ്പാലിറ്റിയിൽ കൂടുതൽ ശൗചാലയങ്ങൾ വേണമെന്നത്.
വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി ഉത്സവകാലത്തും ശബരിമല സീസണിലും ഭക്തരും പൊതുജനങ്ങളും ഏറെ ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 11.70 ലക്ഷം രൂപ മുതൽ മുടക്കി കായോലര ബീച്ച്, പഴയ പ്രൈവറ്റ് ബസ്സ്റ്റാൻഡ്, പടിഞ്ഞാറെ നട, അന്ധകാരത്തോടിന് സമീപം, ദളവാക്കുളം എന്നിവിടങ്ങളിൽ പോർട്ടബിൾ ശൗചാലയങ്ങൾ സ്ഥാപിച്ചു. അന്ധകാരത്തോടിന് സമീപം പഴയ ശൗചാലയം പൊളിച്ചുനീക്കിയശേഷമാണ് പുതിയ ശൗചാലയം സ്ഥാപിച്ചത്.
ശൗചാലയങ്ങളിൽ വെള്ളവും വൈദ്യുതിയും ലഭ്യമാക്കി തുറന്നുകൊടുക്കുകയും ചെയ്തു. ആഴ്ചകൾക്ക് മുമ്പ് ശൗചാലയങ്ങളിൽ മിക്കതും സാമൂഹികവിരുദ്ധർ നശിപ്പിച്ചു. അന്ധകാരത്തോടിന് സമീപം സ്ഥാപിച്ച ശൗചാലയത്തിലെ പൈപ്പുകളും ഫ്ളഷുകളും വാതിലും നശിപ്പിച്ചു. തുടർന്ന് നഗരസഭ ഇടപെട്ട് നന്നാക്കി. വീണ്ടും ഫ്ലഷ് ടാങ്ക് അടിച്ചുനശിപ്പിച്ചു. ഇപ്പോൾ ശൗചാലയം ഉപയോഗിക്കാനാവാത്തവിധം മലിനമായി. ബീച്ചിലെ ശൗചാലയങ്ങളിലെ ഫ്ളഷ് സംവിധാനമാണ് കേടുവരുത്തിയിരിക്കുന്നത്.




