കോട്ടയം: ജില്ലയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. നാട്ടകം ലുലുമാളിന് മുൻവശമാണ് ചൊവ്വാഴ്ച പുലർച്ചെ മുതൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്. നാട്ടകം കുടിവെള്ള പദ്ധതിയുടെ മറിയപ്പള്ളിയിലുള്ള ടാങ്കിലേക്ക് വെള്ളൂപ്പറമ്പ് പ്ലാന്റിൻനിന്ന് കുടിവെള്ളം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്.
ഇതിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ പ്രദേശത്തെ കുടിവെള്ള വിതരണം മുടങ്ങും. പുതിയ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികൾ കാരണം പ്രദേശത്തെ ജലവിതരണം കാര്യക്ഷമമല്ലാതിരുന്നത് വീണ്ടും പഴയപടിയിലേക്ക് കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനിടെയാണ് പൈപ്പ് പൊട്ടലുണ്ടായത്.
പമ്പിങ്ങിനിടെയുണ്ടായ സമ്മർദ്ദമാകാം പൈപ്പ് പൊട്ടാൻ കാരണമെന്നാണ് ജല അതേറിറ്റി അധികൃതർ വ്യക്തമാക്കുന്നത്. നാട്ടകം ഹെഡ് ടാങ്കിൽനിന്നാണ് കോട്ടയം നഗരസഭയിലെ പതിനഞ്ചു വാർഡുകളിലേക്ക് കുടിവെള്ള വിതരണം നടത്തുന്നത്. എട്ട് ഷെഡ്യൂളുകളായിട്ടാണ് ഇവിടെനിന്നും വിവിധ വാർഡുകളിലേക്ക് ജലവിതരണം നടത്തിയിരുന്നത്.
മറിയപ്പള്ളി ക്ഷേത്രം, നാട്ടകം എന്നീ പ്രദേശങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ പൈപ്പ് പൊട്ടിയിരുന്നു. ഇരുന്നൂറ്റിയൻപതു എംഎം വ്യാസമുള്ള പൈപ്പിനാണ് തകാരാറുണ്ടായിരിക്കുന്നത്. ഇവിടെ പൈപ്പ് നന്നാക്കാൻ റോഡ് പൊളിക്കാൻ ദേശീയപാത അതോറിറ്റിയുടെ അംഗീകാരം വേണം.






