കോഴിക്കോട്: വാഹനം പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്തയാളെ കുത്തി പരുക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. കിണാശ്ശേരി കടുക്കമ്പലം പുത്തലത്ത് വീട്ടിൽ മുഹമ്മദ് അമീഫ് ആണ് പിടിയിലായത്. പ്രതി നിലവിൽ പള്ളിപ്പുറം മാമ്പുഴക്കാട്ട് കോളനിയിൽ താമസിച്ചു വരികയായിരുന്നു.
ഒളവണ്ണ പഞ്ചായത്ത് റോഡിലൂടെ ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. തുടർന്ന് മാത്തറ സ്വദേശി മുരളിയെ പ്രതി തടഞ്ഞുവെച്ച് മരക്കമ്പ് കൊണ്ട് മർദിച്ചതായും, പേനാകത്തി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് മുഖത്തും കൈയിലും തുടയിലും കുത്തി പരുക്കേൽപ്പിച്ചതായുമാണ് കേസ്.
പന്തീരങ്കാവ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സുനീഷ്, സിപിഒമാരായ അരുൺ ഘോഷ്, നിഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.






