തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 78 വയസ്സ് തികയുന്നു. അദ്ദേഹത്തിന്റെ ഓർമ്മ എന്നും നിലനിൽക്കുന്ന മുറിവായി ഓരോരുത്തരുടെയും മനസിൽ തുടരും. 1948 ജനുവരി 30-ന് ഗോഡ്‌സെ എന്ന ഹിന്ദുത്വ ഭീകരൻ ഗാന്ധിയെ വെടിവെച്ചുകൊന്നത് അദ്ദേഹം ഒരു മതാതീത രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുകയും വർഗീയതയുടെ മുറിവുണക്കാൻ ജീവിതം മാറ്റിവെക്കുകയും ചെയ്തതുകൊണ്ടാണ്.
രാജ്യം കണ്ട ഏറ്റവും വലിയ രാമഭക്തനായിരുന്നു ഗാന്ധിജി. ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി പ്രവർത്തിച്ച ഗാന്ധിജി, മതം കൊണ്ട് രാജ്യത്തെ വിഭജിക്കാൻ ശ്രമിച്ച സംഘപരിവാറിന്റെയും ആർഎസ്എസിന്റെയും ശത്രുവായി മാറി. അവരെ സംബന്ധിച്ചിടത്തോളം ഗാന്ധിയെ വകവരുത്താൻ ഉപയോഗിച്ച ആയുധമായിരുന്നു ഗോഡ്‌സെ.ബിർള മന്ദിരത്തിൽ വെടിയേറ്റു വീഴുമ്പോഴും അദ്ദേഹം ഉരുവിട്ടത് “ഹേ രാം” എന്നായിരുന്നു. എന്നാൽ ഗാന്ധിജി അവതരിപ്പിച്ച ശ്രീരാമനെയല്ല സംഘപരിവാർ ഉയർത്തിക്കാട്ടുന്നത്.
വർഗീയ നേട്ടങ്ങൾക്കായി ശ്രീരാമനെ ഉപയോഗിക്കുന്നവർക്ക് ഗാന്ധി എന്ന രാമഭക്തൻ ഒരു തടസ്സമായിരുന്നു. ഗാന്ധിവധത്തിന് പിന്നിൽ പ്രവർത്തിച്ച ആപ്തെയും സവർക്കറും ഗോഡ്‌സെയും വെറുപ്പിന്റെ രാഷ്ട്രീയത്തിന് തുടക്കമിട്ടവരാണ്. ഹിന്ദുത്വ ഫാസിസത്തിന്റെ ഈ കാലത്ത്, ഗാന്ധിയെ കൊന്നത് ആർഎസ്എസ് ആണെന്ന സത്യം മറവിക്ക് വിട്ടുകൊടുക്കാതെ പറയേണ്ടതുണ്ട്. ഗോഡ്‌സെ പ്രകീർത്തിക്കപ്പെടുന്ന നരേന്ദ്ര മോദിയുടെ കാലഘട്ടത്തിൽ, ഗാന്ധിയുടെ ഓർമ്മകൾ നിലനിർത്തുക എന്നത് തന്നെ ഒരു പോരാട്ടമാണ്.




