കണ്ണൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയിയുടെ മരണത്തിൽ ഫലപ്രദവും സ്വതന്ത്രവുമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങൾ ഗൗരവപൂർവം പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയ്ഡ് നടന്ന സാഹചര്യങ്ങൾ സ്വാഭാവികമായും സംശയങ്ങൾക്ക് ഇടയാക്കുന്നതാണെന്നും, അതിനാൽ തന്നെ ഇക്കാര്യത്തിൽ ഫലപ്രദമായ അന്വേഷണം അനിവാര്യമാണെന്നും എം.വി. ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
“വലിയൊരു വ്യവസായ ശൃംഖലയുടെ ഉടമയാണ് റെയ്ഡിനിടെ സ്വയം വെടിവച്ച് മരണപ്പെട്ടത്. മരിച്ചതിന് ശേഷവും ഒന്നര മണിക്കൂറിലധികം പരിശോധന തുടരുകയായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഇത്തരമൊരു സമീപനം കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്ന് മനുഷ്യത്വപരമല്ലാത്തതാണ്,” അദ്ദേഹം പറഞ്ഞു. റെയ്ഡിന്റെ ഭാഗമായി കണ്ടെത്തുന്ന കാര്യങ്ങൾ നിയമപരമായി പരിഹരിക്കാവുന്നതേയുള്ളുവെന്നും, അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു ദാരുണ സംഭവത്തിലേക്ക് നയിച്ച സാഹചര്യം സമഗ്രമായി അന്വേഷിക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
ബംഗളൂരുവിൽ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിലെ റിച്ച്‌മണ്ട് സർക്കിളിലുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വച്ചാണ് ഡോ. സി.ജെ. റോയ് ഇന്നലെ വൈകിട്ട് 3.15 ഓടെ ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നത്.
ഡിസംബർ 28ന് കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ആദ്യമായി റെയ്ഡ് ആരംഭിച്ചു. തുടർന്ന് ജനുവരി 22ന് വീണ്ടും എത്തിയ സംഘം ഓഫീസ് മുറികൾ മുദ്രവെക്കുകയും പരിശോധന തുടരുകയും ചെയ്തു. മൂന്നുദിവസം മുമ്പ് വീണ്ടും എത്തിയ സംഘം രേഖകൾ കസ്റ്റഡിയിലെടുക്കുന്നതിനുള്ള
നടപടികളിലേക്ക് കടന്നിരുന്നു. ഇതിനിടെ നിരവധി തവണ റോയിയെ ചോദ്യം ചെയ്തിരുന്നു.
ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുന്ന സമയത്ത് കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയിലാണ് അദ്ദേഹം ഉണ്ടായിരുന്നതെന്നാണ് സൂചന. മുദ്രവെച്ച ലോക്കറിന്റെ താക്കോൽ എടുക്കാനായി സ്വന്തം ചേംബറിലേക്ക് പോയ റോയ്, അവിടെ വെച്ച് തോക്ക് നെഞ്ചോട് ചേർത്ത് വെടിവച്ച് ജീവനൊടുക്കുകയായിരുന്നു.










