ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. സി.ജെ. റോയിയുടെ ഓഫീസിൽ നടത്തിയ പരിശോധനകളുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ആദായ നികുതി വകുപ്പ്. പരിശോധനകളും തുടർന്നുള്ള നടപടികളും പൂർണമായും നിയമപരമായിരുന്നുവെന്നും റോയിക്കുമേൽ യാതൊരു തരത്തിലുള്ള സമ്മർദ്ദവും ചെലുത്തിയിട്ടില്ലെന്നും മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. മറ്റൊരു സാക്ഷിയുടെ സാന്നിധ്യത്തിലാണ് റോയിയുടെ മൊഴി രേഖപ്പെടുത്തിയതെന്നും നിയമപരമായ നടപടിക്രമങ്ങൾ കൃത്യമായി പാലിച്ചാണു പരിശോധനകൾ നടത്തിയതെന്നും വകുപ്പ് വിശദീകരിക്കുന്നു. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ആദായ നികുതി വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, റോയിയുടെ ജീവനൊടുക്കലിന് പിന്നിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ നിരന്തര സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. അസിസ്റ്റന്റ് കമ്മിഷണർ കൃഷ്ണപ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കടുത്ത മാനസിക സമ്മർദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് തള്ളിയതെന്ന് സഹോദരൻ സി.ജെ. ബാബു ആരോപിച്ചു. നിരന്തരം റെയ്‌ഡ് നടത്തി ബുദ്ധിമുട്ടിച്ചെന്നും ബിസിനസ് പ്രതിസന്ധികളോ വായ്പാ കുടിശ്ശികയോ റോയിക്ക് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കർണാടക സർക്കാർ സിഐഡിക്ക് കൈമാറി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കടുത്ത മാനസിക സമ്മർദ്ദമുണ്ടായെന്ന കുടുംബത്തിന്റെയും സ്ഥാപനത്തിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രമുഖനായ റോയിയുടെ മരണം അതീവ ഗൗരവത്തോടെ അന്വേഷിക്കണമെന്ന് സിഐഡിക്ക് സർക്കാർ നിർദേശം നൽകി.
ബംഗളൂരുവിലെ ആനേപാളയ്ക്കടുത്ത് ഹൊസൂർ റോഡിലെ റിച്ച് മണ്ട് സർക്കിളിൽ സ്ഥിതിചെയ്യുന്ന കോൺഫിഡന്റ് ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് ഇന്നലെ വൈകിട്ട് മൂന്നേകാലോടെയായിരുന്നു റോയ് ജീവനൊടുക്കിയത്. റിയൽ എസ്റ്റേറ്റ് സംരംഭങ്ങളുമായി ബന്ധപ്പെട്ട ഫണ്ട് സമാഹരണത്തെ തുടർന്നുള്ള പരിശോധനകളാണ് ആദായ നികുതി വകുപ്പ് നടത്തിവന്നത്. കേരളത്തിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഡിസംബർ 28നാണ് ആദ്യ റെയ്‌ഡ് നടത്തിയത്. തുടർന്ന് ജനുവരി 22ന് വീണ്ടും എത്തിയ സംഘം പരിശോധന തുടരുകയും ഓഫീസ് മുറി മുദ്രവയ്ക്കുകയും ചെയ്തു.
മൂന്നുദിവസം മുമ്പ് വീണ്ടും എത്തിയ ഉദ്യോഗസ്ഥർ രേഖകൾ കസ്റ്റഡിയിലെടുക്കാനുള്ള നടപടികളിലേക്ക് കടന്നു. ഇതിനിടെ റോയിയെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇന്നലെ വൈകിട്ട് പരിശോധന അവസാനിക്കുന്ന ഘട്ടത്തിൽ കസ്റ്റഡിയിലെടുക്കുമെന്ന ആശങ്കയിലായിരുന്നു റോയിയെന്നാണ് വിവരം. മുദ്രവച്ച ലോക്കറിന്റെ താക്കോൽ എടുക്കുന്നതിനായി സ്വന്തം ചേംബറിലേക്ക് പോയ റോയ്, അവിടെ സൂക്ഷിച്ചിരുന്ന തോക്ക് നെഞ്ചോട് ചേർത്ത് നിറയൊഴിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.




