തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കിയെന്നും ബജറ്റില്‍ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ പത്തു വര്‍ഷം കേരളം ഭരിച്ച എല്‍ഡിഎഫ് കേരളത്തെ സാമ്പത്തികമായി ദുര്‍ബലമാക്കി. ബജറ്റില്‍ തൊഴിലില്ലായ്മ, വിലക്കയറ്റം, ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നും പറയുന്നില്ല. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കോണ്‍ഗ്രസ് തകര്‍ത്തതു പോലെ കേരളത്തെ സിപിഎം തകര്‍ത്തു. സംസ്ഥാനത്തിന്റെ കടം 5 ലക്ഷം കോടിയായി.
ഇത് എങ്ങനെ വീട്ടും? യുപിഎ സര്‍ക്കാര്‍ കാലത്തെക്കാള്‍ 460 ശതമാനം കേന്ദ്ര ഗ്രാന്‍ഡ് എന്‍ഡിഎ കാലത്ത് കൂടി. നികുതി വിഹിതം 224 ശതമാനം വര്‍ധിച്ചു. ക്ഷേമ പെന്‍ഷന്‍ 2500 രൂപയാക്കുമെന്ന വാഗ്ദാനം എല്‍ഡിഎഫ് സര്‍ക്കാര്‍ പാലിച്ചില്ല. റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന വാഗ്ദാനവും പാലിച്ചില്ല. കുട്ടികള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സിന് പകരം സ്‌കൂള്‍ നന്നാക്കാത്തത് എന്തുകൊണ്ടാണ് 75 ശതമാനം സ്‌കൂള്‍ സുരക്ഷിതമല്ലാത്തത് കൊണ്ടാണോ ഇന്‍ഷുറന്‍സ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും അദ്ദേഹം പറഞ്ഞു




