പാലക്കാട്: ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുന്നവർക്കെതിരേ കേരള പോലീസ് നടത്തിയ ഒരാഴ്ച നീണ്ട പ്രത്യേക പരിശോധനയിൽ രണ്ടരക്കോടിയിലധികം രൂപ പിഴ ഈടാക്കി. ‘ഹെൽമറ്റ് ഓൺ – സേഫ് റൈഡ്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 2,55,97,600 രൂപയാണ് പിഴയായി ഈടാക്കിയത്.
ജനുവരി 24 മുതൽ 30 വരെ നടത്തിയ പരിശോധനയിൽ 50,969 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഈ കാലയളവിൽ സംസ്ഥാനത്തുടനീളം 1,19,414 ഇരുചക്ര വാഹനങ്ങൾ പരിശോധിച്ചതായും കേരള പോലീസ് ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്‌മെന്റ് വിഭാഗം അറിയിച്ചു.
സമീപകാലത്ത് സംസ്ഥാനത്ത് നടന്ന ഇരുചക്ര വാഹനാപകടങ്ങളിൽ മരണസംഖ്യ വർധിച്ചതിനെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. അപകടങ്ങളിൽ മരിച്ചവരിൽ ഭൂരിഭാഗം പേരും അപകടസമയത്ത് ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിൽ മാത്രം ഹെൽമറ്റ് ഇല്ലാത്തതിനാൽ 11 പേർ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇരുചക്ര വാഹനയാത്രയിൽ ഹെൽമറ്റ് നിർബന്ധമാക്കുന്നതിനായി സംസ്ഥാനത്തെ ഹൈവേ പട്രോളിങ് വിഭാഗങ്ങൾ ഉൾപ്പെടെ പരിശോധന തുടരുമെന്നും, നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരേ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.






