ചെന്നൈ: തമിഴ് സിനിമയിലെ ഇതിഹാസ സംവിധായകനായ ഭാരതിരാജ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗ്രാമീണ ജീവിതവും മനുഷ്യബന്ധങ്ങളും ആവിഷ്‌കരിച്ച സിനിമകളിലൂടെ തമിഴ് സിനിമയെ ലോകശ്രദ്ധയിലെത്തിച്ച സംവിധായകരിൽ പ്രമുഖനായിരുന്നു അദ്ദേഹം.
‘16 വയതിനിലേ’ എന്ന ചിത്രത്തിലൂടെയാണ് ഭാരതിരാജ തമിഴ് സിനിമയിൽ പുതുചരിത്രം കുറിച്ചത്. തുടർന്ന് സിഗപ്പു റോജകൾ, നിഴൽഗൽ, അലൈകൾ ഓയിവതില്ലൈ, മുതൽ മര്യാദൈ, കിഴക്കു ചീമയിലെ തുടങ്ങി നിരവധി ശ്രദ്ധേയ ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. 2020-ൽ പുറത്തിറങ്ങിയ ‘മീണ്ടും ഒരു മര്യാദൈ’ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സംവിധാന സംരംഭം.
സംവിധായകൻ മാത്രമല്ല, നിർമാതാവും തിരക്കഥാകൃത്തും നടനുമായും ഭാരതിരാജ തിളങ്ങിയിരുന്നു. 2004-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചു. അടുത്തിടെ മോഹൻലാൽ നായകനായ ‘തുടരും’ എന്ന ചിത്രത്തിൽ പഴയകാല സ്റ്റണ്ട് മാസ്റ്ററുടെ വേഷത്തിലും അദ്ദേഹം ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു.
ഭാര്യ ചന്ദ്രലീലാവതി. മക്കൾ ജനനി രാജ്കുമാറും സംവിധായകനും നടനുമായിരുന്ന മനോജ് ഭാരതിരാജയുമാണ്. കഴിഞ്ഞ വർഷം മാർച്ചിൽ ഹൃദയാഘാതത്തെ തുടർന്ന് മനോജ് ഭാരതിരാജ (48) അന്തരിച്ചതിന് പിന്നാലെ ഭാരതിരാജ മാനസികമായി ഏറെ തളർന്നിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്..






